അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴുമണിയോടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം 10മണിയോടെ തിരുവല്ല പുല്ലാട് എത്തിക്കും. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരം. അപകടം നടന്ന് 11-ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാത്തതിനെ തുടർന്ന് രഞ്ജിതയുടെ അമ്മയുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തന്റെ സ്വപ്നമായ വീടിന്റെ നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തി നില്‍ക്കേയായിരുന്നു പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മരണം. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്ക് ഇന്നെത്തുന്നത് രഞ്ജിതയുടെ ചേതനയറ്റ ശരീരമാണ്. നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് രഞ്ജിത പുതിയ വീട് നിര്‍മിച്ചത്. ലണ്ടനില്‍ ജോലി മതിയാക്കി തിരിച്ചുവരാനിരിക്കുകയായിരുന്നു . ഇനിയുള്ള കാലം കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം നാട്ടില്‍ ജോലി ചെയ്ത് ജീവിക്കാനാണ് രഞ്ജിത ആഗ്രഹിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയപ്പെട്ടവരേയും കുഞ്ഞുങ്ങളേയും സുഹൃത്തുക്കളേയും തീരാവേദനയിലേക്ക് തള്ളിവിട്ട് രഞ്ജിതയുടെ വേര്‍പാട്.