അട്ടിമറി വിജയം നേടുമെന്ന് പറഞ്ഞ് ഇറങ്ങിയ പിവി അൻവറും നിലമ്പൂരിൽ ശക്തി തെളിയിച്ചു. യുഡിഎഫിനെക്കാൾ ഇടതു ക്യാമ്പിൽ വിള്ളൽ വീഴ്ത്തിയാണ് 19,760 വോട്ട് പിടിച്ച് അൻവർ മൂന്നാം സ്ഥാനത്ത് എത്തിയത്. പിണറായിസത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ അൻവറിനെ കൈവിടില്ലെന്ന സൂചന യുഡിഎഫ് നേതാക്കളും നൽകി.
ആഭ്യന്തര വകുപ്പിനെതിരെ പറഞ്ഞു തുടങ്ങിയ പിവി അൻവർ പിണറായിസം കടന്ന് വി ഡി സതീശനെയും ആര്യാടൻ ഷൗക്കത്തിനെയും കടന്നുക്രമിച്ച തിരഞ്ഞെടുപ്പാണ് കടന്നുപോയത്. 75000 വോട്ട് തേടി നിലമ്പൂരിൽ ജയിക്കുമെന്ന് പറഞ്ഞത് സാധ്യമായില്ലെങ്കിലും നിലമ്പൂരിലെ വിജയ - പരാജയങ്ങളുടെ ഗതി അൻവർ നിർണയിച്ചുവെന്ന് നിസംശയം പറയാം. എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ അൻവർ കടന്നു കയറിയെങ്കിലും കടന്നാക്രമണം നടത്തിയത് എൽഡിഎഫ് ക്യാമ്പിലാണ്.
ശക്തി തെളിയിച്ച് സ്വരം മയപ്പെടുത്തി യുഡിഎഫ് വാതിലിലേക്ക് അടുക്കാൻ നോക്കുന്ന അൻവറിനെ ഇന്ന് നേതാക്കളും തള്ളിയില്ല. എന്നാൽ വി ഡി സതീശൻ വാതിൽ തുറക്കാനില്ല. നിലമ്പൂർ പോരാട്ടത്തിൽ 10,000 ത്തിൽ താഴെ മാത്രം വോട്ടിലേക്ക് അൻവർ ഒതുങ്ങിയിരുന്നെങ്കിൽ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെട്ടേനെ, അൻവർ ഉയർത്തിയ വിഷയങ്ങളും ജനം അംഗീകരിച്ചില്ലെന്ന് വിലയിരുത്തപ്പേട്ടെനെ, ഇത് അതല്ല സ്ഥിതി, അൻവറിന് രാഷ്ട്രീയം തുടരാമെന്ന് നാട്ടുകാർ പറഞ്ഞു കഴിഞ്ഞു. ഭാവി തീരുമാനിക്കേണ്ടത് അൻവറും.