ആലപ്പുഴ അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ റോഡിൽ നിറഞ്ഞ വെള്ളം തോട്ടിലേയ്ക്ക് ഒഴുക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ചന്തിരൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചള്ളിത്തറയിൽ സ്വകാര്യ വ്യക്തിയുടെ കാനയിലൂടെയാണ് വെളളം ഒഴുക്കി വിടുന്നത്. നൂറോളം വീടുകളെ വെള്ളത്തിലാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മഴ ശക്തമായതോടെ ഉയരപ്പാത മേഖലയിൽ റോഡിൽ വെള്ളക്കെട്ടാണ്. കുഴിയും റോഡും തിരിച്ചറിയാനാവാത്ത സ്ഥിതി. റോഡിലെ ചെളിവെള്ളം ആണ് തോട്ടിലേക്ക് ഒഴുക്കി വിടാൻ ശ്രമം നടത്തിയത്. പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിൽ മുങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡു പൊളിക്കാനെത്തിയ യന്ത്രം നാട്ടുകാർ തടഞ്ഞു.അരൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തി. റോഡിലെ വെള്ളം ചന്തിരൂർ പുത്തൻ തോട്ടിലേയ്ക്ക് ഒഴുക്കി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദലീമ ജോജോ MLA സ്ഥലം സന്ദർശിച്ചു. ഉയരപ്പാത മേഖലയിലെ ഇടത്തോടുകളിലൂടെ മഴവെള്ളം ഒഴുക്കിവിടാൻ നടപടി എടുക്കണമെന്ന് ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയും നാലു മാസം മുൻപ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരൂർ പഞ്ചായത്ത് നടപടികളൊന്നും സ്വീകരിച്ചില്ല. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ടെന്നാണ് പൊലീസിൻ്റെ നിലപാട്. നാളെ ദലീമ എം എൽ എയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.