തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച പി.വി.അൻവറിന് ജനം മറുപടി നൽകുമെന്ന് നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട്. പിണറായി വിജയനെ ആക്ഷേപിക്കുന്നതിനെക്കാൾ കൂടുതൽ അൻവർ എന്നെ ആക്ഷേപിച്ചുവെന്നും ഷൗക്കത്ത് വ്യക്തമാക്കി. അതെ സമയം നിലമ്പൂരിൽ തികഞ്ഞ പ്രതീക്ഷയാണെന്ന് എൽ ഡി എഫ് സ്ഥാനാര്‍ഥി എം.സ്വരാജും പ്രതികരിച്ചു.
2016 മുതൽ അൻവർ അധിക്ഷേപിക്കാൻ തുടങ്ങിയതാണെന്ന് പറയുന്ന ഷൗക്കത്ത് തിരിച്ചു മറുപടി പറയുന്നത് തൻ്റെ ശൈലിയല്ലെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. പിതാവ് നൽകിയ വാക്കും അങ്ങനെയാണ്.നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും യു ഡി എഫ് വലിയ മുന്നേറ്റം ഉണ്ടാക്കും. വ്യക്തിപരമായി പ്രശ്നങ്ങൾ ഉള്ളതു കൊണ്ടല്ല സ്വരാജുമായി മത്സരിച്ചതെന്നും ആശയങ്ങളിലെ വ്യത്യസ്തതയാണ് മത്സരിക്കാൻ കാരണമെന്ന് ഷൗക്കത്ത് വ്യക്തമാക്കി.
നിലമ്പൂരിൽ യുഡിഎഫിന് ശക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫും ആവർത്തിച്ചു. അൻവറിൻ്റെ യു ഡി എഫ് പ്രവേശനത്തിലും മറുപടി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് പറയേണ്ടതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്. കൂടുതൽ കാര്യങ്ങൾ ഫലം വന്ന ശേഷം പറയാമെന്നും സ്വരാജ്. നിലമ്പൂരിന്‍റെ വിധി അറിയാൻ അൻവർ ക്യാമ്പും പ്രതീക്ഷയിലാണ്. അൻവറിൻ്റെ രാഷ്ട്രീയ ഭാവിയും തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കും