എന്‍.പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ നീട്ടാന്‍  നിര്‍ദേശം നല്‍കിയത്  മുഖ്യമന്ത്രിയെന്ന് സൂചിപ്പിച്ച്  ചീഫ് സെക്രട്ടറി  എ ജയതിലക്  ഫയലില്‍ എഴുതിയ രേഖ പുറത്ത്.  മുഖ്യന്ത്രി നിര്‍ദേശിച്ചത് അനുസരിച്ച് വേണം തീരുമാനമെടുക്കാന്‍ എന്ന്  സസ്പെന്‍ഷന്‍ പരിശോധിച്ച സമിതിയോട് എ. ജയതിലക് നിര്‍ദേശിച്ചതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. തീരുമാനം മുഖ്യമന്ത്രി എടുത്തതിനാല്‍ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കേണ്ട സമിതിയില്‍ പുതിയതായി ആരെയും ഉള്‍പ്പടുത്തേണ്ടതില്ലെന്നും ജയതിലക് ഫയലില്‍ സൂചിപ്പിച്ചുണ്ട്. 

അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന എ.ജയതിലകിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ  പ്രശാന്തിന്‍റെ സസ്പെഷന്‍ നീട്ടിയത് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരന്‍റെ തീരുമാനം തിരുത്തിയാണെന്ന രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ആ തിരുത്തലിന് പിന്നില്‍ എ ജയതിലക് മാത്രമല്ലെന്നും  മുഖ്യമന്ത്രിയുടെ താല്പര്യവും കൂടിയിട്ടുണ്ടന്നും സൂചനകള്‍ നല്‍കുന്ന ഫയലുകള്‍ പുറത്ത് വന്നു.  മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ച്  തീരുമാനമെടുക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി  ബിശ്വനാഥ് സിന്‍ഹയെ  ചുമതലപ്പെടുത്തിയെന്നാണ് ഫയലില്‍ ചീഫ് സെക്രട്ടറി ജയതിലക് എഴുതയിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ  കുറിപ്പ് സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്ന രണ്ടു ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും  ചീഫ് സെക്രട്ടറി സൂചിപ്പിക്കുന്നു. പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള ശാരദ മുരളീധരന്‍റെ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ പുതിയ സമിതിയെ നിശ്ചയിക്കുമ്പോള്‍ മുന്‍ധാരണയുണ്ടായിരുന്നു എന്നാണ് സൂചിപ്പിക്കപ്പെടുന്നത് .   ഇത് ജയതിലകിന്‍റെ താലപര്യം മുഖ്യമന്ത്രിയിലൂടെ നടപ്പാക്കിയതാണോ മുഖ്യമന്ത്രിയുടെ താല്പര്യം ജലതിലക് നടപ്പാക്കിയതാണോ എന്നാണ് ഇനി വ്യക്തമാവേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയതായി ജലതിലക് സൂചിപ്പിച്ച  നിര്‍ദേശത്തിന്‍റെ പകര്‍പ്പുകള്‍ വിവരാവകാശ അപേക്ഷപ്രകാരം പുറത്ത് വിട്ടിട്ടില്ല.

ENGLISH SUMMARY:

A document written by Chief Secretary A Jayathilak has surfaced, indicating that the directive to extend N. Prasanth's suspension came from the Chief Minister. The records reveal that Jayathilak advised the committee reviewing the suspension to act in accordance with the Chief Minister’s instruction. Since the decision was taken by the Chief Minister, Jayathilak also mentioned in the file that there is no need to include any new members in the committee re-examining the suspension