mv-govindan-war

ആണവായുധ പ്രശ്നത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ പുരോഗമിക്കവെ ഇസ്രയേൽ, ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത് പശ്ചിമേഷ്യയിൽ മാത്രമല്ല ലോകമെങ്ങും ആശങ്ക പടർത്തിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജൂൺ 15ന് ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ അമേരിക്ക–ഇറാൻ പ്രതിനിധികൾ തമ്മിൽ ആറാംവട്ട ആണവ ചർച്ച നടത്താനിരിക്കെയാണ് പൊടുന്നനെ 13ന് ഇസ്രയേൽ ഇറാന്റെ നതാൻസിലെ ആണവകേന്ദ്രവും ബാലിസ്റ്റിക് മിസൈൽ കേന്ദ്രവും ആക്രമിച്ചത്. ഈ ആക്രമണത്തിൽ ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരും സൈനിക മേധാവികളും കൊല്ലപ്പെട്ടു. ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ നിയമവിരുദ്ധവും അപകടകരവുമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഗാസയിലെ പലസ്തീൻകാർക്കെതിരെ രണ്ടു വർഷമായി ഇസ്രയേൽ സേന നടത്തുന്ന വംശഹത്യ തുടരുന്നതിനിടയിലാണ് അമേരിക്കയുടെ പൂർണ പിന്തുണയോടെയും അറിവോടെയും ഇറാനെതിരെ ആക്രമണം ആരംഭിച്ചിട്ടുള്ളത്. നയതന്ത്രത്തിലൂടെ, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇറാൻ സന്നദ്ധമായിട്ടും എന്തിനാണ് ആ രാഷ്ട്രത്തിനുനേരേ ആക്രമണം ആരംഭിച്ചത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഇറാൻ ആണവായുധം നിർമിച്ചുവരികയാണെന്നും അത് ഇസ്രയേലിന് ഭീഷണിയാണെന്നുമുള്ള കാരണമാണ് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉയർത്തുന്നത്. എന്നാൽ, ആയുധ നിർമാണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ പക്ഷം. ഇറാൻ ആണവായുധം നിർമിക്കുന്നതായി വ്യക്തമായ ഒരു തെളിവും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല. അമേരിക്കയുടെ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് മേധാവി ടുൾസി ഗബ്ബാർഡ് മൂന്നുമാസം മുമ്പുപോലും പറഞ്ഞത് ഇറാൻ ആണവായുധ നിർമാണത്തിലേക്ക് കടന്നിട്ടില്ലെന്നാണ്. 2015ൽ ജോയിന്റ്‌ കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) അഥവാ ഇറാൻ ആണവക്കരാറിൽ ഒപ്പുവയ്‌ക്കാൻ തെഹ്റാൻ തയ്യാറാകുകയും ചെയ്തു. യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങളും ജർമനിയുമായി ഇറാൻ ഒപ്പിട്ട ഈ കരാറനുസരിച്ച് ആണവായുധ നിർമാണ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായി. അതിനു പകരമായി ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവു നൽകാൻ അമേരിക്കയും സഖ്യകക്ഷികളും തയ്യാറാകുകയും ചെയ്തു. എന്നാൽ ഒബാമയ്‌ക്കുശേഷം അമേരിക്കൻ പ്രസിഡന്റായ ട്രംപ് 2018ൽ ഈ കരാർ റദ്ദാക്കുകയും ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അതായത് സമാധാനസന്ധി പിച്ചിച്ചീന്തിയത് അമേരിക്കയാണ്. ഇസ്രയേലിന്റെ സമ്മർദവും ഇതിനു പിന്നിലുണ്ട്. - സ്വാഭാവികമായും ഇറാൻ ആണവ പദ്ധതിയുമായി മുന്നോട്ടു പോയി.

ട്രംപ് വീണ്ടും അധികാരമേറ്റപ്പോൾ ആണവ വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറായപ്പോൾ ഇറാൻ ഒരു മടിയുംകൂടാതെ അതിനു സന്നദ്ധമായി. എന്നാൽ അതിനുപകരം ഇറാന് ലഭിച്ചത് ഇസ്രയേലി ആക്രമണമാണ്. ഇസ്രയേൽ ആക്രമണം ഉയർത്തിക്കാട്ടി ആണവ പദ്ധതി പൂർണമായും ഉപേക്ഷിച്ചുള്ള കരാറിൽ ഒപ്പിടാനാണ് ട്രംപ് നിർബന്ധിക്കുന്നത്. എന്നാൽ, ഊർജാവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അടിയറ വയ്‌ക്കാനാകില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇറാനോട് ആണവ പദ്ധതി ഉപേക്ഷിക്കാൻ പറയുന്ന അമേരിക്കയും അന്താരാഷ്ട ആണവോർജ ഏജൻസിയും എന്തുകൊണ്ടാണ് രഹസ്യമായി ആണവ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ഇസ്രയേലിനോട് അത് പറയാത്തത്. ഇറാൻ ആണവനിബന്ധനകൾ പാലിക്കുന്നില്ലെന്ന് ഐഎഇഎ പ്രമേയം പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് അതൊരവസരമാക്കി ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. സദ്ദാം ഹുസൈന്റെ കൈവശം വൻ നശീകരണശേഷിയുള്ള ആയുധങ്ങൾ (ആണവായുധം ) ഉണ്ടെന്ന് പറഞ്ഞാണല്ലോ അമേരിക്ക ആ രാജ്യത്തെ ആക്രമിച്ചത്. എന്നാൽ, പിന്നീട് അത്തരമൊരു മാരകായുധം സദ്ദാമിന്റെ കൈവശം ഇല്ലായിരുന്നുവെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഇറാനിലും സമാനമായ നാടകം അരങ്ങേറുകയാണ്.

ഇറാൻ പശ്ചിമേഷ്യയിൽ ശക്തിപ്പെടുന്നത്‌ അമേരിക്കയ്‌ക്കും ഇസ്രയേലിനുംഒരുപോലെ ഭീഷണിയാണ്. മേഖലയിൽ ഇസ്രയേലിനോട് കിടപിടിക്കാവുന്ന സൈനിക ശക്തിയാണ് ഇറാൻ. ഗാസ വിഷയത്തിൽ ഗൾഫിലെ മുസ്ലിം രാഷ്ട്രങ്ങളേക്കാൾ പലസ്തീൻ ജനതയെ പിന്തുണയ്‌ക്കുന്നത് ഇറാനാണ് എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത സുഹൃദ്ബന്ധംതന്നെ ഇറാനുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് വിഷയമാണ്. ജി -7 നേക്കാളും ശക്തമായ കൂട്ടുകെട്ടായി മാറിക്കൊണ്ടിരിക്കുന്ന ബ്രിക്‌സിലും ഷാങ്ഹായ് സഹകരണ സംഘടനയിലും ഇറാൻ അംഗമാണ് എന്നതും അമേരിക്കയെയും ഇസ്രയേലിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. മേഖലയിൽ വളരുന്ന ഈ കൂട്ടുകെട്ട് അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ ഭീഷണിയാകുമോ എന്ന വേവലാതിയും അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ അലട്ടുന്നുണ്ട്.

പാൻ ഇസ്ലാമിസം അജൻഡയാക്കിയ ശക്തികൾപോലും പലസ്തീനെ പിന്തുണയ്‌ക്കുന്നതിനുപകരം അമേരിക്കൻ ചേരിയിൽ നിലയുറപ്പിക്കുന്ന കാഴ്ചയാണ് പശ്ചിമേഷ്യയിൽ കണ്ടത്. ഗാസയിലെ ഹമാസിനെ തളർത്തിയും ലെബനനിലെ ഹിസ്‌ബൊള്ളയെ ദുർബലമാക്കിയും സിറിയയിലെ ബഷർ അൽ അസദിനെ അട്ടിമറിച്ചും മേഖലയിൽ ഇറാനുമായി സഹകരിച്ച ശക്തികളെയെല്ലാം തൽക്കാലത്തേക്കെങ്കിലും നിർവീര്യമാക്കാൻ ഇസ്രയേലിന് കഴിഞ്ഞു. 21 മാസംമുമ്പ് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ആരംഭിച്ച ഗാസയിലെ വംശഹത്യയിൽ ഇതിനകം 55000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇപ്പോൾ തെമ്മാടി രാഷ്ട്രമെന്ന് പേരുകേട്ട ഇസ്രയേൽ ഇറാനെയും കടന്നാക്രമിച്ചിരിക്കുകയാണ്.

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് എന്താണ് അധികാരം. അന്താരാഷ്ട്ര നിയമങ്ങളുടെയും യു എൻ പ്രമാണങ്ങളുടെയും ലംഘനമാണ് ഇസ്രയേൽ നടത്തിയത്. തെമ്മാടി രാഷ്ട്രമായ ഇസ്രയേൽ ഇഷ്ടംപോലെ മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നു. അവിടത്തെ സൈനിക-രാഷ്ട്രീയ -അക്കാദമിക നേതൃത്വത്തെ വധിക്കുന്നു. ഇറാനിലെ ആയത്തുള്ള അലി ഖമനേയി ഒളിച്ചിരിക്കുന്ന സ്ഥലം അറിയാമെന്നും തൽക്കാലം വധിക്കുന്നില്ല എന്നേയുള്ളൂവെന്നുമാണ് അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ് പറഞ്ഞത്. ലോകത്ത് ആരെയും ശിക്ഷിക്കാൻ അധികാരമുണ്ടെന്ന സാമ്രാജ്യത്വ ധാർഷ്ട്യം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ട്രംപിന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത് അമേരിക്കയുടെ അനുവാദത്തോടെയും അറിവോടെയുമാണ് ഇസ്രയേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ചതെന്നാണ്. മാത്രമല്ല ഇറാനെതിരായ ആക്രമണത്തെ പ്രശംസിക്കാനും ട്രംപ് തയ്യാറായി.

അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തി ഇസ്രയേൽ നടത്തിയ ഇറാൻ ആക്രമണത്തെ റഷ്യയും ചൈനയും മറ്റും കടുത്ത ഭാഷയിൽ അപലപിച്ചപ്പോൾ ഇന്ത്യ അതിന് തയ്യാറായില്ല. പലസ്തീൻകാരെ വംശനാശത്തിന് ഇരയാക്കുന്ന ഇസ്രയേലിലെ സയണിസ്റ്റ് സർക്കാരുമായും അമേരിക്കയിലെ തീവ്രവലതുപക്ഷ നയത്തിന്റെ വക്താവായ ട്രംപുമായും പ്രത്യയ ശാസ്ത്രപരമായ ഐക്യംതന്നെ മോദി സർക്കാരിന് ഉള്ളതിനാലാണ് ഇതെന്ന് വ്യക്തം. ഇന്ത്യ അംഗമായ ഷാങ്ഹായി സഹകരണ സംഘടന (എസ്‌സിഒ) ശക്തമായ ഭാഷയിൽ ഇസ്രയേലി ആക്രമണത്തെ അപലപിച്ചപ്പോൾ അതിന്റെ ഭാഗമാകാൻ ഇന്ത്യ തയ്യാറായില്ലെന്നത് പ്രതിഷേധാർഹമാണ്. ഈ ചർച്ചയിൽ പങ്കെടുക്കാൻപോലും ഇന്ത്യ തയ്യാറായില്ല എന്നതിൽനിന്നും ഇന്ത്യ ആരുടെ പക്ഷത്താണ് എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. - ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യു എൻ പൊതുസഭയിൽ പ്രമേയം വന്നപ്പോൾ ഇന്ത്യ അതിൽനിന്നും വിട്ടുനിന്നത് പരക്കെ വിമർശിക്കപ്പെട്ടു. ഇരകൾക്കൊപ്പം നിൽകുന്നതിനു പകരം വേട്ടക്കാരനൊപ്പം ചേരുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. മോദി സർക്കാരിന്റെ നഗ്നമായ സാമ്രാജ്യത്വ ദാസ്യമാണ് ഇക്കാര്യത്തിലും പ്രകടമായത്.

യുദ്ധം തുടർന്നാൽ അത് ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ലോകത്തിന്റെ ചരക്കുനീക്കത്തിൽ 20 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് അശാന്തമായാൽ അത് എണ്ണ വില വർധിക്കാൻ കാരണമാകും. സൗദിയിൽനിന്നും യു എ ഇയിൽ നിന്നുമായി ഇന്ത്യ വാങ്ങുന്ന എണ്ണയും ഈ കടലിടുക്കിലൂടെയാണ് വരുന്നത്. ആക്രമണം ആരംഭിച്ച ദിവസം തന്നെ എണ്ണ വില കുതിച്ചുയർന്നതിൽനിന്നും ഇക്കാര്യം വ്യക്തമാകും. ഒരു കോടിയോളം ഇന്ത്യക്കാർ ഉപജീവനമാർഗം കണ്ടെത്തുന്നത് ഗൾഫ് മേഖലയിൽ നിന്നാണ്. യുദ്ധം രൂക്ഷമായാൽ സ്വഭാവികമായും ഇവരുടെ ജീവിതവും പ്രശ്നത്തിലാകും. അതു കൊണ്ടുതന്നെ മേഖലയിൽ സമാധാനം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. അതിന് ഇന്ത്യയാണ് മുൻകൈ എടുക്കേണ്ടത്.

എന്നാൽ, ഏറ്റുമുട്ടൽ മുറുകുകയും ഇസ്രയേലിന്റെ അയൺ ഡോം ഉൾപ്പെടെയുള്ള അഞ്ചോളം പ്രതിരോധ സംവിധാനങ്ങളെ തകർത്ത് ഇറാൻ 400ൽഅധികം മിസൈലുകൾ തൊടുത്തുവിടുകയും ചെയ്തതോടെ അമേരിക്കയോട് പരസ്യമായി യുദ്ധത്തിൽ ചേരാൻ ഇസ്രയേൽ ആവശ്യപ്പെടുകയാണ്. നേരത്തേ ഇറാഖിൽ ഇടപെട്ട അമേരിക്കൻ നയത്തെ നിശിതമായി വിമർശിച്ച ട്രംപ് ഇപ്പോൾ ഇറാനെതിരായ യുദ്ധത്തിൽ പങ്കാളിയാകുന്നത് വിരോധാഭാസമാണ്. ഇറാൻ തീരത്തേക്ക് പുറപ്പെട്ട യുഎസ്എസ് നിമിറ്റസ് എന്ന യുദ്ധക്കപ്പൽ ഇപ്പോൾ പശ്ചിമേഷ്യൻ തീരത്തേക്ക് അമേരിക്ക തിരിച്ചുവിട്ടിരിക്കുകയാണ്. വെടി നിർത്തലല്ല എല്ലാറ്റിനും അന്ത്യമാണ് വേണ്ടതെന്നാണ് ജി 7 ഉച്ചകോടിയിൽനിന്നും ധൃതിപിടിച്ച് മടങ്ങവെ ട്രംപ് പറഞ്ഞിട്ടുള്ളത്. ഇറാഖുമായി എട്ടുവർഷം യുദ്ധംചെയ്ത ഇറാൻ ഈ യുദ്ധത്തിലും പിടിച്ചു നിൽക്കുമോ എന്ന ആശങ്ക നെതന്യാഹുവിനെ അലട്ടുന്നുണ്ട്. അതിനാൽ, ഇപ്പോൾ ഖമനേയിയെ അധികാരത്തിൽനിന്നും പുറത്താക്കി അമേരിക്കയ്‌ക്ക് വഴങ്ങുന്നയാളെ ഭരണാധികാരിയാക്കിയാലും മതി എന്ന ആഖ്യാനമാണ് നെതന്യാഹുവും പാശ്ചാത്യമാധ്യമങ്ങളും സൃഷ്ടിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും യഥാർഥ ലക്ഷ്യവും ഇതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. സദ്ദാം ഹുസൈനെയും കേണൽ ഗദാഫിയെയും അധികാര ഭ്രഷ്ടരാക്കി കൊന്നുതള്ളിയ അമേരിക്ക അതേ പാതയിലാണ് ഇറാനിലും നീങ്ങുന്നത്. ലോക സമാധാനം തകർക്കുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കത്തിൽ വ്യാപകമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

MV Govindan fb post about israel