റാം C/O ആനന്ദി മനസ്സിനെ തൊടുന്ന എഴുത്താണെന്നും, അതിന്റെ പേരിൽ ഉയരുന്ന വിവാദങ്ങൾ അർത്ഥശൂന്യമാണെന്നും എഎ റഹിം എംപി. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബർബൻ ട്രെയിനിലെ കമ്പാർട്മെന്റുകളിലൂടെ നമ്മളെയും അയാൾ നടത്തുകയാണെന്ന് എഎ റഹിം ഫെയ്സ്ബുക്കിൽ കുറിച്ചു.
വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലിൽ. അനുജന് ബുള്ളറ്റും വാങ്ങി സർപ്രൈസ് നൽകാൻ മല്ലി പോകുന്ന ഒരു രംഗമുണ്ട്. ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങൾ കടന്നുപോകാൻ വായനക്കാർക്ക് കഴിയില്ല.
സാധാരണക്കാരുടെ ജീവിതം പറയുന്ന,ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാൾ പോരാട്ടത്തെഅടയാളപ്പെടുത്തുന്ന, ഇന്ത്യൻ തെരുവുകളിലെ പുറമ്പോക്കുകളിൽ നരകജീവിതം ജീവിച്ചു തീർക്കുന്ന ട്രാൻസ് ജീവിതങ്ങളെ മനുഷ്യരായി ചേർത്തു നിർത്തിയ റാം.
അഖിലിനെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകൾ അഖിൽ പി ധർമജനിൽ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.