കണ്ണൂര്‍ കായലോട്ടെ യുവതിയുടെ മരണത്തില്‍ ആൺ സുഹൃത്തിനെതിരെ യുവതിയുടെ അമ്മ രംഗത്ത്. റസീനയുടെ സ്വര്‍ണവും പണവും ആൺ സുഹൃത്ത് തട്ടിയെടുത്തുവെന്നും, സദാചാര പൊലീസിങ്ങിന്റെ പേരിൽ അറസ്റ്റിലായ തന്റെ ബന്ധുക്കള്‍ നിരപരാധികളാണെന്നുമാണ് അമ്മയുടെ വാദം.
ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തായിരുന്നു യുവതിയുടെ ആത്മഹത്യ. മരിച്ച യുവതിയും, ആൺ സുഹൃത്തും ഒരുമിച്ച് സംസാരിച്ചുകൊണ്ടിരിക്കേ, ആൺ സുഹൃത്തിനെ യുവതിയുടെ ബന്ധുക്കൾ എസ്ഡിപിഐ ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ 3 എസ്ഡിപിഐ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
റസീനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് യുവതിക്കും ആൺ സുഹൃത്തിനും നേരെയുണ്ടായത് സദാചാര ആക്രമണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സദാചാര ആക്രമണത്തിന് തെളിവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തന്നെ ജീവിക്കാൻ അനുവദിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പായത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്നാണ് റസിയയുടെ ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് പൊലീസ് കമ്മിഷണർ പറയുന്നു. മരിച്ച സ്ത്രീയുടെ ആൺ സുഹൃത്ത് റഹീസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ബന്ധുക്കളുടെ ഭീഷണിപ്പെടുത്തൽ ഇല്ലായിരുന്നുവെങ്കിൽ മരിക്കേണ്ടി വരില്ലെന്ന തരത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇവരെല്ലാം ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്ത സാഹചര്യത്തെപ്പറ്റിയാണ് ആത്മഹത്യാക്കുറിപ്പിൽ നിന്ന് മനസിലാവുന്നത്. ആൺ സുഹൃത്ത് കാരണമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കുന്നു.
പറമ്പായി സ്വദേശികളായ കെ.എ ഫൈസൽ, റഫ്നാസ്, വി.സി. മുബഷിർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരനുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ ബന്ധുക്കൾ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് അമ്മ പറയുന്നത്.
അച്ചങ്കര പള്ളിക്ക് സമീപത്ത് വെച്ച് മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്യുകയും കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിക്കുകയും ചെയ്തെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഇതിന് ശേഷം ആൺ സുഹൃത്തിനെ ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പിടിച്ചുവാങ്ങിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.എ ഫൈസൽ, റഫ്നാസ്, വി.സി. മുബഷിർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.