സംസ്ഥാനത്ത് താല്‍കാലിക ഡി.ജി.പി നിയമനത്തിന് സാധ്യത തെളിയുന്നു. ദര്‍വേഷ് സാഹിബ് വിരമിക്കും മുന്‍പ് കേന്ദ്രം അന്തിമപട്ടിക നല്‍കിയേക്കില്ല. അന്തിമപട്ടിക തയാറാക്കാനുള്ള യു.പി.എസ്.സി യോഗത്തിന്‍റെ തീയതി ഇനിയും തീരുമാനിച്ചില്ല.
ഡി.ജി.പി പട്ടികയില്‍ ഇടംപിടിക്കാനുള്ള ചരടുവലികളും തര്‍ക്കങ്ങളുമെല്ലാം നടക്കുന്നതിനിടെ സംസ്ഥാനത്തിന്‍റെ സമീപകാല ചരിത്രത്തിലാദ്യമായി ഒരു താല്‍കാലിക ഡി.ജി.പി ഭരണത്തിന് സാധ്യത തെളിയുകയാണ്. 30നാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അന്ന് വൈകിട്ട് പുതിയ പൊലീസ് മേധാവി ചുമതലയെടുക്കേണ്ടതാണ്. സംസ്ഥാനം നല്‍കിയ പട്ടിക പരിശോധിച്ച് യു.പി.എസ്.സി അന്തിമപട്ടിക നല്‍കിയാല്‍ മാത്രമേ സംസ്ഥാനത്തിന് ഒരാളെ ഡി.ജി.പിയായി തിരഞ്ഞെടുക്കാനാവു. എന്നാല്‍ യു.പി.എസ്.സി യോഗത്തിന്‍റെ തീയതി ഇതുവരെ നിശ്ചയിക്കുകയോ എന്ന് ചേരുമെന്ന അറിയിപ്പ് സംസ്ഥാനത്തിന് ലഭിക്കുകയോ ചെയ്തിട്ടില്ല. സാധാരണ ഗതിയില്‍ യു.പി.എസ്.സി യോഗം നടക്കേണ്ട തീയതി പിന്നിടുകയും ചെയ്തു. ഇതോടെയാണ് ആക്ടിങ് ഡി.ജി.പി അഥവാ താല്‍കാലിക ഡി.ജി.പിയെന്ന സാധ്യത തെളിഞ്ഞത്. മെയ് 21ന് പൊലീസ് മേധാവി വിരമിച്ച കര്‍ണാടകയിലും ഇതുവരെ യു.പി.എസ്.സി യോഗം ചേര്‍ന്ന് അന്തിമ പട്ടിക കൈമാറിയിട്ടില്ല. അവിടെയും താല്‍കാലിക ഡി.ജി.പിയാണ്. . താല്‍കാലിക ഡി.ജി.പിയിലേക്ക് പോയാല്‍ നിതിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നിവരാണ് സംസ്ഥാനത്തുള്ള ഡി.ജി.പിമാര്‍. ഇതില്‍ മനോജ് എബ്രഹാമിന് നറുക്കുവീണേക്കും. കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ട റവാഡ ചന്ദ്രശേഖരനും സാധ്യതയുണ്ട്.