കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ എസ്ഡിപിഐ വിചാരണയുടെ ദൃശ്യങ്ങൾ പുറത്ത്. മരിച്ച റസീനയുടെ സുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പത്തോളം പേരാണ് യുവാവിന് ചുറ്റുമിരിക്കുന്നത്. 

Also Read: ‘ആൺ സുഹൃത്ത് കാരണം ജീവനൊടുക്കുകയാണെന്ന് കുറിപ്പിലില്ല’

എന്നാല്‍ യുവാവിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി ചർച്ച ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എസ്ഡിപിഐ വിശദീകരണം. കഴിഞ്ഞ ഞായറാഴ്ചയാണ് റോഡരികിൽ സംസാരിച്ച് നിൽക്കുകയായിരുന്ന റസീനക്കും, സുഹൃത്തിനും നേരെ സദാചാര ആക്രമണം ഉണ്ടായത്. യുവാവിനെ മർദ്ദിക്കുകയും എസ്ഡിപിഐ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ബന്ധു ഉൾപ്പെടെ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അതേസമയം, പണവും സ്വർണവും തട്ടിയെടുത്ത് ആൺ സുഹൃത്താണ് പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിൻറെ ആരോപണം. അറസ്റ്റിലായവർ നിരപരാധികളെന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും, അതിൽ പ്രതികൾക്കെതിരായ തെളിവുകൾ ഉണ്ടെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. പെൺകുട്ടിയുടെ അമ്മ ഉയർത്തിയ സാമ്പത്തിക ഇടപാട് ആരോപണം അന്വേഷിക്കും. നിലവിൽ അറസ്റ്റിൽ ആയിട്ടുള്ള മൂന്ന് പ്രതികൾക്കും എതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Kannur suicide case: Raseena’s mother alleges extortion by friend