ഭാരതാംബ വിവാദത്തില്‍ ഇതുവരെയും പ്രതികരിക്കാത്ത എഴുത്തുകാര്‍ക്കെതിരെ വിമര്‍ശനവുമായി ജോയ് മാത്യു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം തല പുറത്തിട്ടു നോക്കുന്ന നമ്മുടെ എഴുത്തുകാർ ആരും ഭാരതാംബ വിവാദത്തില്‍ മന്ത്രിമാരെ പിന്തുണക്കാത്തത് എന്താണെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
കേന്ദ്രത്തെ പിണക്കിയാൽ പല പതക്കങ്ങളും ,പദവികളും നഷ്ടപ്പെടും എന്ന് ഇവർക്കറിയാം അതിനാലാണ് സാഹിത്യകാരന്‍മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് . ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി വാഴിക്കുക എന്നതാണ് ഭാരതാംബ ചിത്രത്തിന്‍റെ ലക്ഷ്യമെന്നും ജോയ് മാത്യു പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"തലപൂഴ്ത്ത് "വിദ്യ അഭ്യസിക്കൂ, സുരക്ഷിതരാകൂ ...
ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി വാഴിക്കുക എന്നതാണല്ലോ മിത്ത് സൃഷ്ടികളിലൂടെ മിത്ത് സൃഷ്ടാക്കൾ ലക്ഷ്യമിടുന്നത്
അതിൽ പെട്ട ഒരു ഐറ്റമാണല്ലോ ഗവർണർ പൊടിതട്ടിയെടുത്ത ഭാരതാംബ ചിത്രം. വിവേകിയായ മന്ത്രി പ്രസാദ് ആദ്യം എതിർപ്പ് പ്രകടമാക്കി ,തുടർന്ന് ശിവൻകുട്ടി മന്ത്രിയും ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം തല പുറത്തിട്ടു നോക്കുന്ന നമ്മുടെ എഴുത്തുകാർ ആരും ഈ മന്ത്രിമാരെ പിന്തുണക്കാത്തത് എന്താണ് ? അവിടെയാണ് തലപൂഴ്ത്ത് വിദ്യ ഇവർ പ്രയോഗിക്കുക. കേന്ദ്രനെ പിണക്കിയാൽ പല പതക്കങ്ങൾ ,പദവികൾ എല്ലാം നഷ്ടപ്പെടും എന്ന് ഇവർക്കറിയാം. അതിനാൽ തല മാളത്തിൽ തന്നെയിരിക്കട്ടെ