കേരള തീരത്തെ എൽസ 3 കപ്പലപകടത്തിൽ കപ്പൽ കമ്പനിയുമായുള്ള സംസ്ഥാന സർക്കാരിന്‍റെ നഷ്ടപരിഹാര ചർച്ചകൾക്ക് തിരിച്ചടി. ചർച്ചകൾ ഇപ്പോൾ മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ സർക്കാരിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കേരള തീരത്തെ എൽസ 3 കപ്പലപകടത്തിൽ നഷ്ടപരിഹാരം ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരത്തിനായി ചർച്ചകൾ നടക്കുന്നുവെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനായി ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതായും സർക്കാർ പറഞ്ഞു. എന്നാൽ ഒത്തുതീർപ്പ് ചർച്ചകളിൽ എന്ത് സുതാര്യതയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരത്തിനായി എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇതിനുശേഷമാണ് ചർച്ചകൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കിയത്.
നഷ്ടപരിഹാര ചര്‍ച്ചകളില്‍ ഹൈക്കോടതിയുടെ അധികാരത്തിന്മേല്‍ അടുത്തയാഴ്ച വിശദമായ വാദം കേട്ട് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. അഡ്മിറാലിറ്റി നിയമം അനുസരിച്ച് ഹൈക്കോടതിക്ക് ഇതിനധികാരമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കപ്പല്‍ കമ്പനികളോട് ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക എത്രയെന്നും, എന്തുകൊണ്ടാണ് അത് വെളിപ്പെടുത്താത്തതെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ എൽസ 3 യുടെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കും, കേരളതീരത്ത് തീപിടിച്ച കപ്പലിന്‍റെ ഉടമകളായ വാന്‍ഹായ് ലൈന്‍സ് കമ്പനിക്കും കോടതി നോട്ടീസ് അയച്ചു.