നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കെഎസ്‍യു സംസ്ഥാന കൺവീനർ അതുല്യാ ജയാനന്ദിനു നേരെ സിപിഎം അനുകൂല നവ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് നടക്കുന്ന സൈബർ ആക്രമണത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
"ആശാ സൂസിമാർ നിലമ്പൂരിൽ പ്രചരണത്തിന് വന്നത് എന്തിനാണെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും ഇല്ലല്ലോ " എന്ന് ചോദിച്ചു കൊണ്ടാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും, അതുല്യ ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഭക്ഷണം കഴിക്കുന്ന ചിത്രം ഉപയോഗിച്ച് ഇരുവരെയും അപമാനിക്കുന്ന തരത്തിൽ നൂറുകണക്കിന് സിപിഎംഅനുകൂല ഫേസ് ബുക്ക് അക്കൗണ്ടുകളിൽ നിന്നുൾപ്പടെ സൈബർ ആക്രമണം നടത്തുന്നത്.
ആശാ വർക്കർമാരെ ആക്ഷേപിക്കുന്നതോടൊപ്പം, വ്യാജ തലക്കെട്ടോടെ അതുല്യയുടെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അടിയന്തരമായി തുടർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെടുന്നു.
അതേസമയം പരാജയഭീതി തലക്കു പിടിച്ചാൽ സാംസ്കാരിക സിപിഎമ്മിന് ഒരേ രീതിയും നിലവാരവുമാണുള്ളതെന്നും, സിപിഎമ്മിന്റെ ഔദ്യോഗിക സംവിധാനങ്ങൾ തന്നെയാണ് വ്യാജ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി