കടലാക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന കൊച്ചി കണ്ണമാലിയിൽ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം കണ്ണമാലി റോഡ് മണിക്കൂറുകളോളം ഉപരോധിച്ച നാട്ടുകാർ ജില്ലാ കലക്ടറുടെ ഉറപ്പിലും പൊലീസ് നേരിട്ട് നടത്തിയ ഇടപെടലിലുമാണ് പിന്മാറിയത്. ആറുമണിക്കൂറോളം തടസപ്പെട്ട തീരദേശ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.
വർഷങ്ങളായി ഒരു ജനത ഗതികേടിന്റെ പുറത്തുപറയുന്ന ദുരിതം വീണ്ടും അതിന് പരിഹാരം കാണേണ്ടവർക്ക് മുന്നിൽവയ്ക്കുകയാണ്. ടെട്രോപോഡ് ഉപയോഗിച്ചുള്ള ശാശ്വതമായ കടൽഭിത്തിയാണ് ആവശ്യം. ഉപജീവന മാർഗമായ വള്ളവും കടൽ കൊണ്ടുവന്നിട്ട മരവുമെല്ലാം വച്ചുള്ള റോഡ് ഉപരോധം അവസാനിപ്പിച്ച് അധികൃതരുടെ ഉറപ്പിനായി കാത്തിരിക്കണമെന്ന് ചെല്ലാനം പള്ളിവികാരി ആന്റണി ടോപോൾ ആദ്യം പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല.
തുടർന്ന് പള്ളിവികാരിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കലക്ടറോട് ഫോണിൽ സംസാരിച്ചു. നഷ്ടപരിഹാരം ഉൾപ്പെടെ വേഗത്തിൽ പരിഗണിക്കാമെന്നും കടലാക്രമണത്തിൽ സർക്കാർ പരിഹാരത്തിന് കാത്തിരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഉപരോധത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് പൊലീസും അറിയിച്ചു. ഇതോടെ നാട്ടുകാർ വഴങ്ങി. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ ചെറിയകടവിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു .