rain-kannanthura

രാവിലെ തിരുവനന്തപുരത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും ആകെ മൂടിക്കെട്ടിയ അവസ്ഥയാണ്. കണ്ണാന്തുറ, വേളി, ശംഖുമുഖം ഭാഗങ്ങളില്‍ കടലേറ്റം അതിരൂക്ഷമാണ്. ഏഴുവീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്, തങ്ങളുടെ സുരക്ഷക്കായി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് കണ്ണാന്തുറ നിവാസികള്‍ ഇന്നലെ റോഡ് ഉപരോധിച്ചു. നിലവിലുള്ള അതേ രീതിയില്‍ കടലേറ്റം തുടര്‍ന്നാല്‍ പരിസരത്തെ വീടുകളെല്ലാം കടലെടുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

കടലേറ്റം വരുമ്പോഴും പ്രതിഷേധം ഉണ്ടാകുമ്പോഴും മാത്രമാണ് ജനപ്രതിനിധികള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ റോഡ് ഉപരോധത്തിനു പിന്നാലെ സ്ഥലത്തെത്തിയ ജനപ്രതിനിധിയോട് എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്നായിരുന്നു നാട്ടുകാരിലൊരാള്‍ ചോദിച്ചത്, ഞങ്ങള്‍ ഒരുവണ്ടി ക്ലേ ഇറക്കിയില്ലേ, ഇനി മുകളില്‍ നിന്നെന്തെങ്കിലും ചെയ്യാതെ തനിക്കൊന്നും ചെയ്യാനാവില്ലെന്നായിരുന്നു ജനപ്രതിനിധി മറുപടി നല്‍കിയത്. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണെന്നും കുഞ്ഞുമക്കളുടെ സുരക്ഷിതത്വം ആലോചിച്ച് ആശങ്കയിലാണെന്നും നാട്ടുകാര്‍ പറയുന്നു. Also Read: നാശം വിതച്ച് പെരുമഴ; കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് മരണം; കണ്ണൂരില്‍ പാലം മുങ്ങി...


വലിയ തിരകളാണ് കടലില്‍ നിന്നും കരയിലേക്ക് ആര്‍ത്തലച്ചു കയറുന്നത്. ഈ രീതിയില്‍ കടലേറ്റം തുടര്‍ന്നാല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കടല്‍ഭിത്തി കെട്ടി തങ്ങളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്ഥലത്തുനിന്നും ഒഴിഞ്ഞുപോവാന്‍ പറഞ്ഞാല്‍ നടക്കില്ലെന്നും നാട്ടുകാര്‍ വേദനയോടെ പറയുന്നു. 

സംസ്ഥാനത്ത് തകര്‍ത്ത് പെയ്യുന്ന മഴയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ സ്ത്രീ മരിച്ചു. കൂഡ്​ലു സ്വദേശി ഭവാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മധുർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. സാഹചര്യം കണക്കിലെടുത്ത് പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  Also Read: കാലവര്‍ഷം ശക്തം; തീവ്രമഴ തുടരുന്നു; കണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു


വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2390 അടിയിലെത്തിയതോടെ ബ്ലൂ അലര്‍ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂരിലും മഴക്കെടുതി തുടരുകയാണ്. പെരുമഴയില്‍ കണ്ണൂര്‍–പയ്യാവൂര്‍ വണ്ണായിക്കടവ് പാലം മുങ്ങി. പയ്യാവൂര്‍–നെല്ലിക്കുറ്റി റോഡില്‍ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം.

ENGLISH SUMMARY:

Although there was a brief respite from the rain in Thiruvananthapuram this morning, the overall weather remains cloudy. Sea erosion is severe in areas like Kannamthura, Veli, and Shankhumugham. Seven houses have already been damaged, and the residents of Kannamthura staged a road blockade yesterday, alleging that the authorities are doing nothing to ensure their safety. Locals say that if the sea erosion continues at the current rate, all the houses in the vicinity will be consumed by the sea.