മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. യാത്രാസൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗതാഗതക്കുരുക്ക് പരിഗണിച്ച് ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വാഹനപ്പെരുപ്പമാണ് ഗതാഗതക്കുരുക്കിന് കാരണം എന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ അടിപ്പാത നിർമ്മാണവും കാരണമായിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചതോടെ ടോൾ കരാർ എടുത്തിരിക്കുന്ന കമ്പനിയല്ല നിലവിൽ അടിപ്പാതകളുടെ നിർമാണം നടത്തുന്നത് എന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം. യാത്ര ചെയ്യുന്ന ജനങ്ങൾ ഇതറിയേണ്ട കാര്യമില്ലെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കരാറുകാരുടെ കാര്യം പറഞ്ഞ് പഴിചാരലല്ല വേണ്ടതെന്ന് പറഞ്ഞ കോടതി, പരിഹാര നടപടി എന്തെന്നറിയിക്കാൻ നിർദ്ദേശം നൽകി. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്‍റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജി ഈ മാസം 25ന് കോടതി വീണ്ടും പരിഗണിക്കും.
റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുന്നതുവരെ ടോൾ പിരിവ് നിർത്താൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവിൽ അഞ്ചിടത്താണ് അടിപ്പാതകളുടെ നിർമാണം നടക്കുന്നത്. ഇതുമൂലം വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.