അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കടലില്‍ പതിച്ച ടാങ്കർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞു. പുലർച്ചെ നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ടാങ്കറിൽ ഗ്യാസോ മറ്റ് രാസ വസ്തുക്കളെന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു ആശങ്ക. തീരത്തോട് ചേർന്ന് കടൽ ഭിത്തിക്കിടയിലാണ് ടാങ്കർ കുടുങ്ങിയത്. 

വിവരം അറിഞ്ഞതിനുപിന്നാലെ കടലിൽ വീഴുന്ന കപ്പലിലെ വസ്തുക്കൾ നീക്കുന്ന കമ്പനി അധികൃതർ സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ടാങ്കർ ശൂന്യമാണെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിച്ച പ്രാഥമികവിവരം. വിശദമായ പരിശോധനയ്ക്കു ശേഷമേ കൂടുതൽ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സാൽവേജ് കമ്പനി ടാങ്കർ കൈകാര്യം ചെയ്യുമെന്ന് കലക്ടർ അറിയിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ടാങ്കർ കിടക്കുന്ന പ്രദേശത്തേക്ക് വിലക്ക് എർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ രാത്രി പറവൂർ അറപ്പപ്പൊഴി തീരത്ത് വാൻ ഹയി കപ്പലിൽ നിന്ന് കടലിൽ വീണ ലൈഫ് ബോട്ട് തീരത്തടിഞ്ഞിരുന്നു. 

ENGLISH SUMMARY:

A Wan Hai cargo vessel that met with an accident at sea has drifted and run aground near the Alappuzha coast. Authorities are monitoring the situation as concerns over oil leakage and environmental impact grow.