മലബാറില്‍ അതിശക്തമായി തുടരുന്ന മഴയില്‍ ഒരു മരണം. പാലക്കാട് മണ്ണാര്‍ക്കാടാണ് വയോധിക വീട് തകര്‍ന്ന് മരിച്ചത്. കണ്ണൂര്‍ കൊട്ടിയൂരില്‍ ക്ഷേത്ര ഉല്‍സവത്തിനെത്തിയ യുവാവിനെ പുഴയില്‍ കാണാതായി. കാസർകോട് ദേശീയപാതയുടെ ഭാഗമായി ഓട നിര്‍മ്മിക്കാത്തതിനാല്‍ മാവുങ്കൽ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മലബാറിലെ അഞ്ച് ജില്ലകളിലും ശക്തമായ മഴയാണ് . ദേശീയപാത നിര്‍മിക്കുന്ന കാസര്‍കോട് മാവുങ്കൽ ടൗണിൽ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വെള്ളം കയറുകയാണ്. കടകളില്‍ നിന്ന് സാധനങ്ങള്‍ ഒലിച്ചുപോകാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരിറങ്ങി. കരാറുകമ്പനിയുടെ വണ്ടി തടഞ്ഞു.
കുമ്പള ബദിയടുക്കയില്‍ മൂന്നു നില കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ മേൽക്കൂര റോഡിലേക്ക് വീണു. റോഡില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. മാലോത്ത്10 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കണ്ണൂരില്‍ കൊട്ടിയൂര്‍ ക്ഷേത്ര ഉത്സവം കാണാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെ ബാവലി പുഴയില്‍ കാണാതായി. പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ പന്നിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് മണലടിയിലാണ് വീട് തകര്‍ന്ന് വയോധിക ഫാത്തിമബി മരിച്ചത്. കാഞ്ഞിരപ്പുഴ, ശിരുവാണി, മംഗലം ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോട് വിലങ്ങാട്
വിഷ്ണുമംഗലം പുഴ കരകവിഞ്ഞതോടെ തീരത്ത് ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.തൂണേരിയില്‍ ബഡ്സ് സ്ക്കൂളിന് മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന്‍റെ മതില്‍ ഇടിഞ്ഞു വീണു. ചോമ്പാല മുതല്‍ രാമനാട്ട്കര വരെയുള്ള തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കുന്ദമംഗലത്ത് പുഴയില്‍ കാണാതായ പിലാശേരി സ്വദേശി മാധവനായി തിരച്ചില്‍ തുടരുകയാണ്. മലപ്പുറം പരപ്പനങ്ങാടിയില്‍ കാറ്റിലും മഴയിലും മരം വീണ് ഒട്ടേറെ വീടുകള്‍ക്ക് കേടുപറ്റി. വയനാട്ടില്‍ കഴി്ഞ്ഞഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മല പുന്നപ്പുഴയില്‍ നീരൊഴുക്ക് കൂടിയിട്ടുണ്ട്