കാസർകോട് ന്യൂ ബേവിഞ്ചയിൽ ദേശീയപാത സംരക്ഷണഭിത്തി തകർന്നുവീണ് അപകടം. ഉച്ചയോടെ സ്ഥലത്തെ ബസ്റ്റോപ്പിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മിനിറ്റുകൾക്ക് മുമ്പ് സ്ഥലത്തുണ്ടായിരുന്നവർ ബസ് കയറിപ്പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്. റോഡിലുള്ള വാഹനങ്ങൾ മണ്ണിടിയുന്നത് കണ്ട് നിർത്തിയിരുന്നു. അപകടത്തിന് പിന്നാലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായി വിലക്കി. റോഡിന് മുകൾഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി.
സോയിൽ നെയിലിങ് ചെയ്ത ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. മേഖലയിൽ കോൺക്രീറ്റ് ഭിത്തി വേണമെന്ന് നാട്ടുകാർ നേരത്തെ ആവശ്യം ഉന്നയിച്ചതാണ്. സ്ഥലത്തെത്തിയ ജില്ലാ കലക്ടർക്കെതിരെ പ്രതിഷേധം ഉയർന്നു. കോൺക്രീറ്റ് ഭിത്തി പണിയാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് കളക്ടർ അറിയിച്ചു.