മലയോര, തീരദേശ വ്യത്യാസമില്ലാതെ മധ്യകേരളത്തില്‍ ദുരിതംവിതച്ച് കാലവര്‍ഷപ്പെയ്ത്ത് ശക്തമായി തുടരുന്നു. കണ്ണമാലി, ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമായതോടെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.
ചെല്ലാനം, കണ്ണമാലി തീരങ്ങളില്‍ കടലേറ്റം അതിരൂക്ഷമാണ്. താത്കാലിക കടല്‍ഭിത്തികള്‍ തകര്‍ത്ത് കടല്‍ വീടിന്‍റെ അകത്തളങ്ങളിലേക്ക് ഇരച്ചെത്തി. കടല്‍കയറിയതോടെ പല വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. കോതമംഗലം കുടമുണ്ട പാലം വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസപ്പെട്ടു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ആലപ്പുഴ നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര മരംവീണ് തകര്‍ന്നു. കടലില്‍ കുളിക്കുന്നതിനിടെ കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്‍റെ മൃതദേഹം തീരത്തടിഞ്ഞു. ഇടുക്കി ചെമ്മണ്ണാറിൽ ശക്തമായ കാറ്റിൽ കമുക് വീടിന് മുകളിൽ വീണ് മൂന്ന് വയസുകാരന് പരുക്കേറ്റു. കോളപ്രയില്‍ പന ഒടിഞ്ഞുവീണ് വീടിന്റെ സംരക്ഷണഭിത്തി തകർന്നു. പത്തനംതിട്ട മലയാലപ്പുഴയിൽ വീടിനു മുകളിലേക്ക് മരങ്ങള്‍ കടപുഴകിവീണ് ഗൃഹനാഥന് പരുക്കേറ്റു.
പകല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വൈകീട്ടോടെ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.