സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു . ഇന്നും നാളെയും 5 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് , തൃശൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യയുള്ളതിനാൽ മീന്‍പിടിത്തവും ബീച്ച് ടൂറിസവും വിലക്കി.
ദുരിതം വിതച്ച് പേമാരി പെയ്തിറങ്ങുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും അതിത്രീവ്ര മഴ സാധ്യതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. നാളെ പാലക്കാട് , തൃശൂർ , കോട്ടയം , പത്തനംതിട്ട , എറണാകുളം , ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും നല്കി.
ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽപടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും കനത്ത മഴയ്ക്ക് കാരണമാണ്. ബുധനാഴ്ച വരെ മഴ തുടരും കാസർകോട് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല , തിരുവനന്തപുരം ജില്ലയിലെ കരമന നദികളുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്കി. കേരളം / കർണാടകം , ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മത്സ്യബന്ധനം വിലക്കി. രൂക്ഷമായ കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും വിലക്കി.