റോഡിലെ കുഴിയടയ്ക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് ഇമെയിൽ അയച്ചിട്ടും നടപടിയില്ല. ആലുവ ചൂണ്ടി റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിൽ കുഴിയടയ്ക്കാൻ ഇമെയിൽ അയച്ചത് സ്ഥലത്തെ വ്യാപാരിയായ ഹുസൈനാണ്.
ബൈക്കിലെത്തിയ ആലുവ മലയപ്പള്ളി സ്വദേശി ശിഹാബാണ് കുഴിയിൽ വീണത്. മറ്റ് വാഹനങ്ങൾ ഉണ്ടായില്ലെന്നതിന്നാൽ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പരുക്കുള്ളതിനാൽ ആശുപത്രിയിലാണ്. ഈ കുഴിയിൽ ശിഹാബിനും മുന്നേ പലരും വീണത് കണ്ടാണ് സ്ഥലത്തെ വ്യാപാരിയായ ഹുസൈൻ നാലുദിവസം മുൻപ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഇമെയിലയച്ചത്. പരിശോധിച്ച് മറുപടി നൽകാൻ വകുപ്പിന് നിർദേശം നൽകിയുള്ള മന്ത്രിയുടെ മറുപടി ലഭിച്ചെങ്കിലും നടപടി മാത്രമുണ്ടായില്ല.
മഴ കനത്തതോടെ ആലുവയിലെ പല ഭാഗങ്ങളിലും റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് കൂടിയായതോടെ കുഴികളുണ്ടെന്ന് അറിയാതെ അപകടത്തിൽപെടുന്നവർ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്.