അഴീക്കലിന് സമീപം അറബിക്കടലിൽ തീപിടിച്ച കപ്പൽ കൊച്ചിയ്ക്കും ആലപ്പുഴയ്ക്കും ഇടയിലെ തീരമേഖലയ്ക്ക് ആശങ്കയാകുന്നു. ചരക്ക് ഭൂരിഭാഗവും കത്തിയതോടെ കപ്പൽ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ നിന്ത്രണം വിട്ട് തീരത്തേയ്ക്ക് എത്തിയേക്കാം.  കപ്പലിൽ നിന്ന് ഉയരുന്ന പുകയിൽ കനത്ത രാസസാന്നിധ്യവുമുണ്ട്. കൊടുങ്ങല്ലൂരിന് 43 നോട്ടിക്കൽ മൈൽ അകലെ എത്തിച്ച കപ്പൽ പടിഞ്ഞാറു നിന്ന് ശക്തമായ കാറ്റടിച്ചതും കടൽ പ്രക്ഷുബ്ധമായതും മൂലം കൊച്ചി തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ ദൂരത്തേയ്ക്ക് ഒഴുകിയെത്തി. ഹെലികോപ്റ്റർ വഴി 4 നാവികസേനാംഗങ്ങൾ കപ്പലിലിറങ്ങി ഓഫ് ഷോർ വാരിയർ എന്ന ടഗുമായി ബന്ധിപ്പിച്ചു. കപ്പലിനെ തീരമേഖലയിൽ നിന്ന് മാറ്റാൻ ശ്രമം തുടരുകയാണ്. 

ഡെക്കിൽ വീണ്ടും തീ പടർന്നത് തിരിച്ചടിയായി. മധ്യഭാഗത്ത് ശക്തമായ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നു. കണ്ടെയ്നറുകളിലെ കൊടിയ വിഷമായ രാസവസ്തുക്കൾ കത്തി ഉയരുന്ന കനത്ത പുക വലിയ ഭീഷണിയാണ്. ചരക്ക് ഭൂരിഭാഗവും കത്തി നശിച്ചതിനാൽ ഭാരക്കുറവുണ്ടായ കപ്പൽ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ നിയന്ത്രണം വിട്ട് ഒഴുകി തീരത്ത് എത്താനുള്ള സാധ്യതയുണ്ട്. സ്ഥിതി ഏറെ സങ്കീർണമാണെന്നാണ് ഡി.ജി ഷിപ്പിങ്ങിന്റെ വിലയിരുത്തൽ. 

കൊച്ചിക്കും ആലപ്പുഴയ്ക്കും ഇടയിലെ തീരമേഖലയിൽ ആശങ്കയുയർത്തുന്നു. കപ്പലിനെ ആഴക്കടലിലേയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോകാൻ കൂടുതൽ ടഗുകൾ ഉപയോഗിക്കും. കപ്പലിൽ നിന്ന് എണ്ണ വ്യാപന സാധ്യത ഭീഷണിയുമുണ്ട്. ചാവക്കാടിനും കൊച്ചിക്കും ഇടയിലെ തീരമേഖലയിലാണ് എണ്ണ വ്യാപന സാധ്യത മുന്നറിയിപ്പുള്ളത്. കേരള, മാഹി, ലക്ഷദ്വീപ് മേഖലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത് സ്ഥിതി രൂക്ഷമാക്കുന്നു. തീ അണയ്ക്കാൻ കൂടുതൽ ഫോമും ഡ്രൈ കെമിക്കൽ പൗഡറും എത്തിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A ship that caught fire near Azhikkal in the Arabian Sea is causing concern for the coastal regions between Kochi and Alappuzha. With most of the cargo burned, the ship may drift toward the shore due to rough weather conditions. The smoke rising from the vessel contains a high concentration of chemicals.