ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും അവരുടെ നിലപാടുകള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടിയായ ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാട് അംഗീകരിച്ച് പോകുന്ന ഒരു രാഷ്ട്രമാണ്. അമേരിക്കയുടെ പിന്തുണയുണ്ടെങ്കില്‍ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണ് വന്നിട്ടുള്ളത്. അതാണ് ഇറാന് നേരെ നടത്തിയ ആക്രമണം. അത്തരമൊരു ആക്രമണത്തെ ഒരു തരത്തിലും ന്യായികരിക്കാന്‍ സാധിക്കുന്നതല്ല. അത് നമ്മുടെ ലോകസമാധാനത്തിന് അങ്ങേയറ്റം ഭീഷണിയായ അന്തരീക്ഷമാണ്. സമാധാനകാംഷികളായ എല്ലാവരും അതിനെ എതിര്‍ക്കാനും അപലപിക്കാനും തയാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്.
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയതായും 100 ഡ്രോണുകള്‍ ഇസ്രയേല്‍ ലക്ഷ്യമായെത്തിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന തന്നെയാണ് വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിലായിരുന്നു ഇറാന്റെ സൈനിക ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ടെഹ്റാനില്‍ ഇന്ന് പുലര്‌ച്ചെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണം.
ഇറാനിലെ ആണവ കേന്ദ്രങ്ങളേയും, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും, സൈനിക ശേഷികളെയും തകര്‍ക്കുകയായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.ആക്രമണത്തില്‍ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും സംയുക്ത സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.