തൃശൂര്‍ മുരിങ്ങൂര്‍ ദേശീയപാതയില്‍ ചെളിയില്‍ കുത്തിയിരുന്ന് എം.എല്‍.എയുടെ പ്രതിഷേധം. വമ്പന്‍ ഗതാഗത കുരുക്കുണ്ടായിട്ടും ആരും ഇടപെടാത്തതാണ് പ്രതിഷേധത്തിന് കാരണം. അടിപ്പാത നിര്‍മാണം നടക്കുന്നിടത്ത് സര്‍വീസ് റോഡ് ഒരുക്കാത്തതാണ് പ്രശ്നം.
മുരിങ്ങൂര്‍ ദേശീയപാത ജംക്ഷനില്‍ കുരുക്കോട് കുരുക്കാണ്. രണ്ടു മാസമായി എല്ലാ ദിവസവും കുരുക്ക്. സര്‍വീസ് റോഡില്‍ കുണ്ടും കുഴിയും. പ്രധാന റോഡാണെങ്കില്‍ അടിപ്പാത പണിയാന്‍ പൊളിച്ചിട്ടു. പ്രതിദിനം നാല്‍പതിനായിരം വാഹനങ്ങള്‍ നാലു വരിയായി കടന്നു പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒറ്റവരിയായി.
സര്‍വീസ് റോഡില്‍ ഒറ്റവരിയായി നിരങ്ങിനീങ്ങി പോകുകയാണ് വാഹനങ്ങള്‍. ആംബുലന്‍സിനു പോലും ഇഴഞ്ഞു പോകണം. രണ്ടു മണിക്കൂര്‍ വരെ പലപ്പോഴും കുരുക്കില്‍ കിടക്കേണ്ട അവസ്ഥ. അടിപ്പാത നിര്‍മാണമാണെങ്കില്‍ ഇഴഞ്ഞു നീങ്ങുന്നു. പേരിനു മാത്രം തൊഴിലാളികള്‍. ഈ നിലയ്ക്കു പോയാല്‍ അടിപ്പാത നിര്‍മാണം രണ്ടു വര്‍ഷമെടുക്കും പൂര്‍ത്തിയാക്കാന്‍. ഈ സാഹചര്യത്തിലാണ് ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് ചെളിയില്‍ കുത്തിയിരുന്നത്.ആമ്പല്ലൂരിലും പേരാമ്പ്രയിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഈ രണ്ടിടത്തും പണി ഇഴഞ്ഞുതന്നെ.