kerala-secretariat-caste-discrimination-complaint

TOPICS COVERED

പട്ടികജാതിയില്‍പെട്ട ഉദ്യോഗസ്ഥ സ്ഥലം മാറിപോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ കസേര മാറ്റുകയും ‘ശുദ്ധികലശം’ നടത്തണമെന്ന് ആക്ഷേപിച്ചതായും പരാതി. ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിലെ അറ്റൻഡർ ആയ ജീവനക്കാരിയാണ് സഹപ്രവർത്തകനായ സിപിഎം സംഘടനാ നേതാവ്  പ്രേമാനന്ദിനെതിരെ എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷന്‍ പൊതു ഭരണ വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. പരാതി വ്യാജമെന്നും മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ആരോപണ വിധേയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കോന്നി സ്വദേശിയായ ജീവനക്കാരി ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറിപോയപ്പോള്‍ കസേരമാറ്റുകയും അവിടെ ശുദ്ധകലശം നടത്തണമെന്ന് പറയുകയും ചെയ്തയാണ് പരാതി . പരാതിക്കാരിയും ആരോപണ വിധേയനും സിപിഎം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലായീസ് അസോസിയേഷന്‍ ഭാരവാഹികളാണ്. ഗുരുതരമായ ആക്ഷേപത്തിന്‍റെ പരാതി പൊലീസിനും പൊതു ഭരണ വകുപ്പ് സെക്രട്ടറിക്കും എസ് ടി എസ് ടി കമ്മീഷന്‍ കൈമാറി. 20 ദിവസത്തിനകം പൊതുഭരണ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം.  ഉപയോഗിച്ചു കൊണ്ടിരുന്ന കസേരയും മേശയും മാറ്റിയെന്നും ശുദ്ധികലശം നടത്തണമെന്ന് പരാമര്‍ശം മറ്റ് ജീവക്കാര്‍ കേട്ടിരുന്നെന്നും പരാതിയില്‍ പറയുന്നു. 

ജീവനക്കാരി  ഇരുന്ന കസേരകള്‍ മാറ്റിയിട്ടുണ്ടെന്നും അത്ഹൗസ് കീപ്പിങ് വിഭാഗം ചെയ്യുന്നതാണെന്നും ആരോണവിധേയനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരാതി വ്യാജമെന്നും മറ്റാരുടെയോ ഗൂഡാലോചനയുണ്ടെന്നും ആരോപണ വിധേയനായ  പ്രമാനന്ദ് പ്രതികരിച്ചു . പരാതിയില്‍   കൻ്റോൺമെൻ്റ് പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തും.  സംഘടനയില്‍ ഉന്നയിക്കാതെ കമ്മീഷന് നേരിട്ട് പരാതി കൊടുത്തതിന്  സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ  ഏരിയ കമ്മിറ്റിയില്‍  നിന്നടക്കം പരാതിക്കാരിയെ മാറ്റിനിര്‍ത്തി നടപടിയെടുത്തു.

ENGLISH SUMMARY:

A staff member from the Administrative Vigilance Cell in the Secretariat has filed a complaint with the SC/ST Commission, alleging caste discrimination. The complaint claims that after a Scheduled Caste officer was transferred, a co-worker demanded the chair be replaced and a purification ritual conducted. The accused, a CPM union leader, denied the allegations and said he plans to file a defamation case.