രണ്ടാഴ്ച്ചയ്ക്കിടെ കേരള തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ നടപടി വേണമെന്ന് ഹൈക്കോടതി. രാജ്യാന്തര ചട്ടങ്ങളും കരാറും പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാമെന്ന് കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവരുണ്ടെങ്കില്‍ ആരും രക്ഷപെടരുത്. വാന്‍ ഹായ് കപ്പല്‍ തീപിടിത്തം കൂടി കേസിന്‍റെ ഭാഗമാക്കണം. എല്‍സ 3 കപ്പല്‍ മുങ്ങിയ കേസിലാണ് കോടതി നിര്‍ദേശം.
അതേസമയം, കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീ പിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നോട്ടിസ് അയച്ചു. കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് ഷിപ്പിങ് ഡി.ജി. ചൂണ്ടിക്കാട്ടി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെടുക്കും. അതേസമയം തീപിടിച്ച ചരക്കു കപ്പലിന്‍റെ ഇന്ധന ടാങ്കിന് സമീപത്തെയും ഇന്നര്‍ ഡെക്കിലെയും തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നു.
തീ അണയ്ക്കാന്‍ മതിയായ സംവിധാനം എത്തിച്ചില്ല. അവശിഷ്ടം മാറ്റാനുള്ള ഉപകരണം വേഗമെത്തിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. അതേസമയം തീപിടിച്ച ചരക്കു കപ്പലിന്‍റെ ഇന്ധന ടാങ്കിന് സമീപത്തെയും ഇന്നര്‍ ഡെക്കിലെയും തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നു. കടലിലെ പ്രതികൂല സാഹചര്യം വെല്ലുവിളിയാണ്. തീ ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ച് ആഴക്കടലില്‍ പരമാവധി ദൂരത്തേയ്ക്ക് മാറ്റാനാണ് നീക്കം. സാല്‍വേജ് ഒാപ്പറേഷനായുള്ള അഞ്ചംഗ സംഘവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിലേയ്ക്ക് ഇറങ്ങി. കപ്പലിന്‍റെ മുന്‍ഭാഗത്തെ കൊളുത്തില്‍ വലിയ വടം കെട്ടിയ ശേഷം വാട്ടര്‍ ലില്ലി എന്നു പേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു.
കൊച്ചി തീരത്തെ കപ്പലപകടത്തില്‍ എംഎസ്‌സി കപ്പല്‍ കമ്പനിക്ക് ഗുരുതരവീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കണം. എണ്ണച്ചോര്‍ച്ച തടയാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്നും വിമര്‍ശനം. കാലവര്‍ഷം വരുന്നതിനാല്‍ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും കപ്പല്‍ കമ്പനിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.