തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപിക സി.ആര്‍. ചന്ദ്രലേഖയെ സംരക്ഷിച്ച് കിളിമാനൂര്‍ പൊലീസ്. പോക്സോ കേസെടുത്ത് എട്ടാം ദിവസവും തന്‍റെ വീടിനു മുമ്പില്‍ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് വിദ്യാര്‍ഥിനി മനോരമ ന്യൂസിനോട് വെളിപ്പെടുത്തുന്നു. എല്ലാ തെളിവുകളും പൊലീസിന് നല്കിയിട്ടും ഉദ്യോഗസ്ഥര്‍ മൊഴി എടുക്കാനെന്ന പേരില്‍ വീട്ടില്‍ കയറിയിറങ്ങുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പട്ടികജാതിക്കാരി കൂടിയായ വിദ്യാര്‍ഥിനി പറയുന്നു.
മകളെ പോലെ കരുതേണ്ട കുട്ടിയേയും സഹഅധ്യാപകനേയും കുറിച്ച് അപവാദം പ്രചരിപ്പിച്ച അധ്യാപിക ചന്ദ്രലേഖ...പോക്സോ ചാര്‍ജ് ചെയ്തിട്ടും കൂളായി നടക്കുന്നതിന്‍റെ വേദനയാണ് കുട്ടി പങ്കുവയ്ക്കുന്നത്. അധ്യാപിക പ്രചരിപ്പിച്ചതുപോലെ സ്കൂളിലെ അധ്യാപകനുമായി ബന്ധമുണ്ടായിരുന്നോ ? ഗര്‍ഭിണിയായിരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായി കയറിയിറങ്ങുന്ന പൊലീസ് വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നുവെന്ന് നിസംഗതയോടെ പറയുന്നു പതിനാറുകാരി.
കിളിമാനൂര്‍ രാജാരവിവർമ്മ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെ പോക്സോ ചുമത്തിയത് ജൂണ്‍ 5ന്. സഹഅധ്യാപകനോടുള്ള പക തീർക്കാൻ ഇയാൾ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജ കഥ പ്രചരിപ്പിക്കുകയായിരുന്നു അധ്യാപിക. പെൺകുട്ടി അപസ്മാരം മൂർച്ഛിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താൽ പെൺകുട്ടിക്ക് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. വിദ്യാഭ്യാസ മന്ത്രിക്ക് പിടിഎ നല്‍കിയ പരാതിയേത്തുടർന്ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തു. ജനുവരി മുതല്‍ നീറിപ്പുകയുന്ന ഗുരുതര കേസില്‍ പലവട്ടം പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതിയെത്തിയിട്ടും അധികൃതര്‍ ഇത്രയെങ്കിലും അനങ്ങുന്നത് ആറാം മാസം. മേയ് 27 ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കൂടുതലൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിന്‍റെ വിദ്യഭ്യാസ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റങ്ങളിലൊന്ന് ചെയ്ത അധ്യാപികയെ അഴിക്കുളളിലാക്കാത്തതെന്തെന്ന ചോദ്യമാണ് ബാക്കി.