കേരള രാഷ്ട്രീയത്തിലെ ഏറ്റവും നിസ്വാർഥനായ രാഷ്ട്രീയ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് സി.ഹരിദാസ്. കോൺഗ്രസ് നേതാവായ ഹരിദാസിന്റെ പേര് നിലമ്പൂരിന്റെ ചരിത്രവുമായി ചേർന്ന് നിൽക്കുന്നതാണ് എന്നതാണ് പ്രത്യേകത. കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ കാലം നിയമസഭാംഗമായിരുന്ന വ്യക്തി എന്ന റെക്കോഡ് ഹരിദാസ് കുറിച്ചിട്ടത് നിലമ്പൂരിന്റെ മണ്ണിൽ നിന്നാണ്.
എംഎൽഎയായി 10-ാം ദിവസം പ്രിയപ്പെട്ട രാഷ്ട്രീയ സുഹൃത്തിന് വേണ്ടി ആ സ്ഥാനം രാജിവയ്ക്കാൻ ഒരാൾ തയ്യാറാവുക. പിന്നീട് ഒരിക്കലും എംഎൽഎ ആവാതിരിക്കുക. അങ്ങനെ ഒരു ചരിത്രം കേരളത്തിൽ അവകാശപ്പെടാൻ ഒരാൾക്കേ കഴിയൂ. സി. ഹരിദാസിന് .
ഹരിദാസിന്റെ ചരിത്രം നിലമ്പൂരിന്റെ കൂടിയാണ്. ഇതിനു മുൻപ് നിലമ്പൂർ ഒരു ഉപതെരഞ്ഞെടുപ്പിന് വേദിയായത് ഹരിദാസ് രാജിവച്ചപ്പോഴാണ്. ആ ചരിത്രമിങ്ങനെ. 1980 - എ.കെ. ആൻ്റണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുമുന്നണിക്കൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട കാലം. പൊന്നാനിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ആര്യാടൻ മുഹമ്മദ് പത്രിക നൽകിയ ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലമ്പൂരിൽ വിശ്വസ്തനായ സി. ഹരിദാസിനെ ആര്യാടൻ സ്ഥാനാർത്ഥിയാക്കി. ടി.കെ ഹംസയെ 6500 വോട്ടിന് പരാജയപ്പെടുത്തി ഹരിദാസ് വിജയിച്ചുകയറി '
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആര്യാടനെ ഇ കെ നായനാർ മന്ത്രിസഭയിൽ അംഗമാക്കി. മന്ത്രിയായി തുടരാൻ ആര്യാടന് എംഎൽഎ ആകണം. ഹരിദാസ് മടിച്ചില്ല. സത്യപ്രതിജ്ഞ ചെയ്ത പത്താം ദിവസം 1980 ഫെബ്രുവരി 25ന് രാജിവച്ചു. ആര്യാടൻ നിലമ്പൂരിൽ നിന്ന് വിജയിച്ചുകയറി മന്ത്രി കുപ്പായം ഉറപ്പിച്ചുനിർത്തി.
ഹരിദാസിനെ രാജ്യസഭാംഗമാക്കി ഒരു പരിധിവരെ കടം വീട്ടിയെങ്കിലും ആ സ്ഥാന ത്യാഗത്തോളം വരില്ല അതൊന്നും. പ്രിയ സുഹൃത്തിന്റെ മകൻ മറ്റൊരു ഉപതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിജയത്തിൽ ഹരിദാസിന് സംശയമില്ല.
85 ൻ്റെ പ്രായക്കരുത്തിൽ തളരാത്ത പോരാട്ടവീര്യവുമായി നിലമ്പൂരിൽ സജീവമാണ് മലപ്പുറംകാരുടെ ഹരിയേട്ടൻ.