വിശ്വാസ്യതയില്‍ മലയാളിയുടെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലായ മനോരമ ന്യൂസിന് പുതിയ കാലത്തിനൊത്ത രൂപവും ഭാവവും. കൂടുതല്‍ ചടുലമായി, തെളിമയോടെ മനോരമ ന്യൂസ് ചാനല്‍ പ്രേക്ഷകരിലേക്ക്. ടെലിവിഷനില്‍ മാത്രമല്ല മനോരമ ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഈ മാറ്റം ചാനലിന്റെ പുതിയ ടാഗ് ലൈന്‍ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ‘നേരില്‍ കാണാം’
പലവിധ മാധ്യമരീതികളുടെ ബഹളത്തില്‍ വിശ്വാസ്യതയുടെ അവസാനവാക്കായി മനോരമ ന്യൂസിനെ കരുതുന്ന പ്രേക്ഷകര്‍ക്ക് വിവരങ്ങളുടെ കുത്തൊഴുക്കിന്റെ സമയത്തും അടുക്കോടും ചിട്ടയോടും വാര്‍ത്തകളെ അറിയാന്‍ കഴിയും. ദൃശ്യമികവ് ചോരാതെ. വാര്‍ത്താപ്രാധാന്യം അണുവിട തെറ്റാതെ.
മൊബൈല്‍ ഫോണിലും ടാബിലും വാര്‍ത്ത അറിയുന്ന പുതിയകാല പ്രേക്ഷകരെ കൂടി പരിഗണിച്ചാണ് മനോരമ ന്യൂസിന്റെ പുതിയ രൂപം. ചാനല്‍ ലോഗോ മുതല്‍ അക്ഷരങ്ങളുടെ രൂപകല്‍പന വരെ മാറും. വലിയ അക്ഷരങ്ങളും തെളിമയുള്ള ഗ്രാഫിക്സും സഹിതം ഡിജിറ്റല്‍ സൗഹൃദ സ്ക്രീനിന് രൂപം നല്‍കിയത് ബിബിസി ഉള്‍പ്പെടെ രാജ്യാന്തര ടിവി ചാനലുകള്‍ക്ക് രൂപവും ഭാവവും നല്‍കിയ യുകെ ട്വിന്‍ അസോസിയേറ്റ്സിലെ ഇയാന്‍ വേംലെയ്റ്റനും ഏമി ജോണ്‍സനും ആണ്.
ശരിയായ മാധ്യമ മാനദണ്ഡങ്ങളില്‍ വാര്‍ത്തകളെ അടയാളപ്പെടുത്തുന്നതാണ് പുതിയ സ്ക്രീന്‍. വലിയ വാര്‍ത്തകളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രതിഫലിപ്പിക്കാനും കാലാവസ്ഥ, കായികമല്‍സരഫലങ്ങള്‍ എന്നിവ പ്രേക്ഷകര്‍ക്ക് അപ്പപ്പോള്‍ അറിയാനുമുള്ള രൂപകല്‍പനയാണ് മറ്റൊരു സവിശേഷത.
ചാനലിന്‍റെ കാഴ്ചയില്‍ വരുന്ന മികവും ദൃശ്യഭംഗിയും മനോരമന്യൂസ് പ്രേക്ഷകരുടെ ഡിജിറ്റല്‍ എക്സ്പീരിയന്‍സിലും ഉണ്ടാകും. മനോരമന്യൂസ് ഡോട്ട് കോമിലും മനോരമന്യൂസ് ആപ്പിലും ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ത്രെഡ്സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലും ഇത് ദൃശ്യമാകും. ഒപ്പം മലയാളത്തിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലും പുതിയ ന്യൂസ് വിഡിയോ ഡിസൈനുകള്‍ കാണാം.
ഡിജിറ്റല്‍ വിഡിയോകളുടെ മിഴിവിലും നിലവാരത്തിലും വലിയ മാറ്റമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. സമാനതകളില്ലാത്ത ദൃശ്യമികവ് മനോരമന്യൂസ് കണക്ടഡ് ടിവി ആപ്പ് പ്രേക്ഷകര്‍ക്ക് നല്‍കും. ഇത്തരത്തില്‍ മലയാളത്തിലെ ഡിജിറ്റല്‍ ന്യൂസ് സ്പേസില്‍ ആകെ വലിയ ചലനം സൃഷ്ടിക്കുന്നതാകും കെട്ടിലും മട്ടിലും മാറുന്ന മനോരമന്യൂസ് ഡിജിറ്റല്‍.