karimattam-landslide

വയനാട് മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍ ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍. ശക്തമായ മഴയ്ക്ക് പിന്നാലെ കഴിഞ്ഞ 28ന് ഉള്‍വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ രണ്ട് ദിവസം കഴിഞ്ഞാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത്. ഉരുള്‍പൊട്ടലിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിടുന്നു.

ഒരു നാടിനെ ഇല്ലാതാക്കിയ ജൂലൈ 30ലെ ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായിരുന്നു പുഞ്ചിരിമട്ടം. ഈ വെള്ളരിമലയുടെ താഴ്വാരത്ത് നിന്ന് അതായത് മുണ്ടക്കൈയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് കരിമറ്റം മല. ഇവിടെ വനമേഖലയിലാണ് ഈ കാണുന്ന ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാലവര്‍ഷം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോള്‍, മേയ് 28നായിരുന്നു ഇത്. പക്ഷേ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഇടത്ത് ഇങ്ങനെ ഉരുള്‍പൊട്ടിയിട്ടും രണ്ടുദിവസം നമ്മുടെ സര്‍ക്കാരോ ഭരണസംവിധാനമോ ഇക്കാര്യം അറിഞ്ഞില്ല. മേയ് 30നാണ് മേപ്പാടി  േറഞ്ചിലെ വനപാലകര്‍ക്ക് എത്തി ഇവിടം പരിശോധിക്കാന്‍ പോലും കഴിഞ്ഞത്. ഉരുള്‍പൊട്ടി താഴെയുള്ള അരണപ്പുഴയിലേക്കാണ് അവശിഷ്ടങ്ങള്‍ ഒഴുകിയത്. കരിമറ്റം ഏലം എസ്റ്റേറ്റാണ് ഇവിടെയുള്ളത്. ജനവാസ മേഖലയ്ക്ക് ഏറെ മുകളിലായതിനാല്‍ തല്‍ക്കാലം വലിയ ദുരന്തം വഴിമാറിയെന്ന് പറയാം. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണിത്. കരിമറ്റം മേഖലയില്‍ 1984ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18 ജീവനുകള്‍ നഷ്ടമായിരുന്നു.   

ആളുകളെ പരിഭ്രാന്തരാക്കുക എന്നതല്ല ഈ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ഒരു മഹാദുരന്തമുണ്ടായി പത്ത് മാസം പിന്നിടുമ്പോളും നമ്മുടെ സര്‍ക്കാരും ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രതയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനാണ്. നിലവില്‍ മുണ്ടക്കൈ– ചൂരല്‍മല പ്രദേശത്തെ മുഴുവന്‍ ആളുകളെയും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഉരുള്‍ ഗതിമാറ്റിയ പുന്നപ്പുഴയുടെ ഇങ്ങേ അറ്റത്തും നൂറുകണക്കിന് ജീവിതങ്ങളുണ്ട്. ആര്‍ത്തുപെയ്യാനിരിക്കുന്ന കാലവര്‍ഷക്കാലത്ത് ഈ ജീവിതങ്ങളെ നാം കാണാതെ പോകരുത്. 

ENGLISH SUMMARY:

A landslide struck Wayanad’s Karimattam Hills on May 28, but officials learned of it two days later. Debris flowed into Aranappuzha. No casualties reported due to remote location.