'പാട്ടുകാരന്‍, നല്ല മിടുക്കനായിരുന്നു, എല്ലാവര്‍ക്കും ഇഷ്ടമുള്ള കുട്ടിയായിരുന്നു' അനന്തുവിനെ പറ്റി പറയുമ്പോള്‍ അധ്യാപികമാരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന് അധ്യാപകരും വിദ്യാര്‍ഥികളും പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിട നല്‍കിയത്. അനന്തുവിന്‍റെ പാട്ടുകള്‍ ഇനി അവര്‍ക്ക് കേള്‍ക്കാനാവില്ല.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ അല്‍പ്പനേരം പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയും വികാരനിര്‍ഭരമായ രംഗങ്ങള്‍.
'പരിപാടിക്കൊക്കെ പങ്കെടുത്ത് പാടില്ല, പക്ഷേ ക്ലാസിലിരുന്ന് നല്ലോണ്ണം പാട്ട് പാടുമായിരുന്നു. ക്ലാസ് കഴിഞ്ഞ് പോണ ദിവസം ഒന്ന് പാടിതരുമോ എന്ന് ഞാന്‍ ചോദിച്ചിട്ട് അവന്‍ പാടി തന്നിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം, ഈ സ്കൂള്‍ മുറ്റത്ത് ഓടുക്കളിക്കേണ്ട കുട്ടിയല്ലേ,' അനന്തുവിനെ പറ്റി പറയുമ്പോള്‍ അധ്യാപികമാരുടെ കണ്ഠമിടറി.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കുട്ടിക്കുന്ന് ശ്മശാനത്തില്‍ സംസ്കരിച്ചു. അന്ത്യാഞ്ജലിയുമായി അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ഒഴുകിയെത്തി.