സസ്പെൻഷനിലായ തിരുവല്ല കോയിപ്രം സിഐക്കെതിരെ വീണ്ടും പരാതി. കുടുംബ പ്രശ്നം പരിഹരിക്കാൻ വിളിച്ചുവരുത്തി കഞ്ചാവ് കേസ് ചുമത്തി എന്നാണ് ആക്ഷേപം. സ്റ്റേഷനിലെ പൊലീസുകാർ ചേർന്ന് ചെവിയിൽ നിന്ന് രക്തം വരുന്നതുവരെ ക്രൂരമായി മർദിച്ചെന്നും മലിനജലം കുടിപ്പിച്ചെന്നും പുല്ലാട് സ്വദേശി കണ്ണൻ പറഞ്ഞു.
സഹോദരങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് പുല്ലാട് സ്വദേശി കെ.ജി.കണ്ണനെ കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പ്രശ്നം പറഞ്ഞു തീർന്നതോടെ കേസെടുക്കാതെ വിട്ടയച്ചു. പക്ഷേ വീണ്ടും വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നെന്ന് കെ.ജി.കണ്ണൻ.
ഇവിടം കൊണ്ടും അവസാനിച്ചില്ല. രണ്ടുദിവസം മുമ്പ് കഞ്ചാവ് കേസിൽപ്പെടുത്തി ഹാജരാകണമെന്ന് സമൻസ് അയച്ചു. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച പ്രതിയുടെ ദുരൂഹ മരണത്തിൽ നിലവിൽ സസ്പെൻഷനിലാണ് കോയിപ്രം സി.ഐ ജി.സുരേഷ് കുമാർ. പൊലീസുകാരുടെ വേട്ടയാടലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കണ്ണനും കുടുംബവും.