സേലത്ത് നടന്ന വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ ആശുപത്രിയിലെത്തിക്കുന്നതിനുമുന്നേ മരിച്ചിരുന്നുവെന്ന് ഡ്രൈവര്‍ പാച്ചു. ലോറി ട്രാക്ക് മാറിയതുകൊണ്ടാണ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അപ്പോള്‍ അതുവഴി പോയ ഒരു മലയാളിയുടെ കാറിലാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
'ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്നേ തന്നെ ഡാഡി ഞങ്ങളെ വിട്ട് പോയി. ഡ്രൈവര്‍ സീറ്റിന് പിറകിലായിരുന്നു ഡാഡി. ഷൈന്‍ ചേട്ടന്‍ ഏറ്റവും പിറകിലാണ് ഇരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടയ്ക്ക് ഡാഡിയെ വിളിക്കുമ്പോള്‍ ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്താറായപ്പോള്‍ പിന്നെ മിണ്ടാതായി. അതോടെ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം പോയി,' ഡ്രൈവര്‍ പാച്ചു പറഞ്ഞു.
എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.