ബക്രീദ് പ്രമാണിച്ച് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനമായിരിക്കും. കലണ്ടര്‍ പ്രകാരമുള്ള നാളത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

ബക്രീദ് ശനിയാഴ്ചയായതുകൊണ്ട് അവധിയും അന്ന് മതിയെന്നായിരുന്നു സര്‍‍ക്കാര്‍ നിലപാട്. കലണ്ടറില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ അവധി ശനിയാഴ്ചയാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശയക്കുഴപ്പത്തിലായി. പിന്നാലെ വിവാദവും പ്രതിഷേധവും ഉയര്‍ന്നതോടെയാൈണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും ശനിയാഴ്ചയും അവധിയായിരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനവും ശനിയാഴ്ച അവധി ദിനവുമായിരിക്കും. 

​വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോട് ചേര്‍ന്നുള്ള  പ്രധാന  ദിവസവുമാണ്. ആയതിനാല്‍ അവധി ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും  വിവിധ മുസ്‍ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Holiday for all educational institutions including professional colleges tomorrow