ദേശീയപാതയുടെ തകർച്ചയിൽ മണ്ണിനെയും കരാറുകാരെയും പഴിചാരിയുള്ള റിപ്പോർട്ടിനെ കുടഞ്ഞ് ഹൈക്കോടതി. പഴിചാരല്ല, പരിഹാരമാണ് വേണ്ടതെന്ന് ദേശീയപാത അതോറിറ്റിയെ കോടതി ഓർമിപ്പിച്ചു. റോഡിലെ തകരാറ് ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു
ദേശീയപാതയുടെ പൂർത്തീകരണത്തിനായി ജനങ്ങൾ ഏറെ കാത്തിരുന്നുവെന്നും അതിനാൽ മികച്ച നിലവാരത്തിൽ അവർക്കത് ലഭിക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ വിമർശനം. ആരുടെയെങ്കിലും വീഴ്ച കണ്ടെത്താനോ കുറ്റം ചുമത്താനോ അല്ല വിഷയം കോടതി പരിഗണിക്കുന്നത്. ഏതെങ്കിലും പ്രത്യേക പാതയുടെ കാര്യവുമല്ല പരിശോധിക്കുന്നത്. അതുകൊണ്ട് പഴിചാരൽ മാത്രമല്ല, എങ്ങനെയാണ് ദേശീയപാതയുടെ നിർമാണം പൂർത്തീകരിക്കുന്നത് എന്ന കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
ദേശീയപാത നിർമിക്കുന്നതിനു മുമ്പ് സ്ഥലത്തെക്കുറിച്ച് മനസിലാക്കുന്നതിലും, എത്രത്തോളം ഭാരം താങ്ങാൻ കഴിയുമെന്ന് കണ്ടെത്തുന്നതിലും കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസ് ഉപേക്ഷ കാട്ടിയെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ NHAl പറഞ്ഞിരുന്നത്. അടിമണ്ണിന് ഉറപ്പില്ലാത്തതാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നായിരുന്നു റിപ്പോർട്ടിന്റെ സാരാംശം. നിലവിലെ കരാറുകളിൽ നിന്നും, പുതിയ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കി എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കുറ്റപ്പെടുത്തലും പുറത്താക്കലും ദേശീയപാത അതോറിറ്റി തുടർന്നോളൂ എന്ന് കോടതി പരിഹസിച്ചു. പാത തകർന്നതിന്റെ റിപ്പോർട്ട് പരിശോധിക്കുന്ന വിദഗ്ധരല്ല കോടതി. അതേസമയം ദേശീയപാതകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.