വയനാട്ടിലെ പുത്തുമലയില്‍ തണല്‍ മരം നടുന്നവരുടെ സംഗമം. ഉരുള്‍പൊട്ടലിനെ ചെറുക്കാനും കാടിനെ കൂടുതല്‍ പച്ചപ്പണിയിക്കാനും വൃക്ഷതൈകള്‍ നട്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കും വനപാലകര്‍ക്കും ഒപ്പം ഇവര്‍ ഒത്തുകൂടിയത്.
പുത്തുമലയുടെ താഴ്വരയിലേക്ക് അവര്‍ ഒന്നിച്ചെത്തി. കയ്യില്‍ വൃക്ഷതൈകളും കൈക്കോട്ടും. വനഭൂമിയോട് ചേര്‍ന്ന ചെങ്കുത്തായ പ്രദേശങ്ങളാണ് തൈകള്‍ നടുന്നതിന് തിരഞ്ഞെടുത്തത്. നേരിയെ മഴയെ അവഗണിച്ച് വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും വനപാലകരും ഒത്തുചേര്‍ന്നു.
ആഴത്തില്‍ വേരുപിടിച്ച് മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തടയുന്ന മരങ്ങളാണ് നടാന്‍ തിരഞ്ഞെടുത്തത്. വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് ജലവും ഭക്ഷണവും ലഭ്യമാക്കുന്ന തരത്തില്‍ പുതിയ വനവല്‍ക്കരണ സമീപനമാണ് ഇതിലൂടെ നടപ്പാക്കുന്നത്. മേപ്പാടി നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളും കുട്ടികളും എല്ലാം ചേര്‍ന്ന് നൂറിലധികം വൃക്ഷതൈകള്‍ നട്ടു. തണല്‍ നടുന്ന കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിലാണ് ഇങ്ങനെ ഒരു ഒത്തുകൂടല്‍.