സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എംഎൽഎ എം.എം. മണിയുടെ സഹോദരൻ ലംബോദരൻ ഇടുക്കിയിൽ പ്രവർത്തിപ്പിച്ച സാഹസിക വിനോദ കേന്ദ്രത്തിന് പൂട്ടിട്ട് ജില്ല കലക്ടർ. ലംബോദരനെതിരെ ക്രിമിനൽ കേസെടുക്കും. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് കലക്ടറുടെ ഇടപെടൽ.
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ സാഹസിക വിനോദങ്ങൾ പാടില്ലെന്ന കർശന നിർദേശം മറികടന്നാണ് ഇരുട്ടുകാനത്ത് ലംബോദരൻ സിപ്പ് ലൈൻ പ്രവർത്തിപ്പിച്ചത്. ആയിരത്തോളം സഞ്ചാരികളാണ് രണ്ടുദിവസമായി അപകടം മനസ്സിലാക്കാതെ ഇവിടെക്കൊഴുകിയത്. ഇത് മനോരമ ന്യൂസ് വാർത്തയാക്കിയതോടെ മേഖലയിൽ അപകട സാധ്യതയില്ലെന്നായിരുന്നു ലംബോദരന്റെ പ്രതികരണം.
Read Also: നിരോധനം കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ച് എം.എം.മണിയുടെ സഹോദരന്‍റെ വിനോദസഞ്ചാരകേന്ദ്രം
മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ വിഷയം അടിയന്തരമായി അന്വേഷിക്കാൻ കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ദേശീയപാതകക്ക് സമീപം നിയമാനുസൃതമായാണോ ലമ്പോദരന്റെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിക്കുന്നതെന്നും പരിശോധിക്കും.