Image Credit: Pradhul Prabhakumar

കഞ്ചാവുവലിച്ചതിന് കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച സംഭവത്തില്‍ തിരുവല്ല കോയിപ്രം സിഐയ്ക്ക് സസ്പെന്‍ഷന്‍. സിഐ ജി. സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റ കോയിപ്രം സ്വദേശി പിന്നീട് ജീവനൊടുക്കിയിരുന്നു. മാര്‍ച്ച് 16നാണ് കോയിപ്രം വരയന്നൂര്‍ സ്വദേശി സുരേഷിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും 19ന് വീണ്ടും വിളിപ്പിച്ചു. വിട്ടയച്ചതിന് പിന്നാലെ 22–ാം തീയതി സുരേഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സുരേഷിന്‍റെ ശരീരത്തില്‍ ചൂരലിനടിച്ചതിന് സമാനമായ പാടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. ബന്ധുക്കള്‍ പരാതിപ്പെടുകയും വിഷയം വാര്‍ത്തയാവുകയും ചെയ്തതിന് പിന്നാലെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷനല്‍ എസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സുരേഷിന് കസ്റ്റഡി മര്‍ദനമേറ്റെന്നും അന്യായമായി വാഹനവും മൊബൈല്‍ ഫോണും പിടിച്ചുവച്ചുവെന്നും കണ്ടെത്തി. റിപ്പോര്‍ട്ടിന്‍പ്രകാരം ഡിഐജിയാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്. 

ENGLISH SUMMARY:

Kerala police officer CI G. Suresh Kumar suspended following the custodial assault of a man arrested for cannabis possession. The victim, Suresh from Koyipram, died by suicide days after alleged police brutality.