ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാണക്കാട് കുടുംബം ബഹിഷ്കരിച്ചെന്ന ആക്ഷേപത്തിനെതിരെ തിരിച്ചടിച്ച് യുഡിഎഫും മറുപടിയുമായി പാണക്കാട് കുടുംബവും. പോത്തുകല്ലിൽ നടന്ന ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രചാരണവേദികളിലെല്ലാം നിറഞ്ഞ് മുസ്ലിം ലീഗ് നേതാക്കളുമുണ്ട്.
ആര്യാടൻ ഷൗക്കത്തിന്റെ നിലമ്പൂരിൽ നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാൻ പാണക്കാടു നിന്നാരും എത്തിയില്ലെന്ന ആക്ഷേപത്തിന് മറുപടിയായി കൂടിയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ന് പോത്തുകല്ലിലെ പ്രചാരണത്തിന് അബ്ബാസലി ശിഹാബ് തങ്ങൾ രാവിലെ തന്നെ എത്തിയത്.
നിലവിൽ ഹജ്ജ് കർമം നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പോയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈ മാസം 13ന് മടങ്ങിയെത്തും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.