പാലക്കാട് ഒറ്റപ്പാലത്തു ജുമാ മസ്ജിദിൽ മോഷണം നടത്തിയ പ്രതി നേരെ പോയത് കാർ വാങ്ങാൻ. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ കാർ പെൺസുഹൃത്തിനെ കാണിക്കാനായി അട്ടപ്പാടിയിലേക്ക് പോകും വഴി പൊലീസ് പൊക്കി. കാറും മോഷ്ടിച്ച ബാക്കി പണവും പൊലീസ് കണ്ടെത്തി. ഞായർ പുലർച്ചെയാണ് അബൂബക്കർ ഈസ്റ്റ്‌ ഒറ്റപ്പാലത്തെ സുബാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളിയിൽ മോഷണം നടത്തിയത്. പെരുന്നാളിന് ബലികർമം നടത്താൻ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപയും കവർന്നു മുങ്ങി. എന്നാൽ അന്നു വൈകീട്ടോടെ തന്നെ ഒറ്റപ്പാലം പൊലീസ് പ്രതിയെ പിടികൂടി.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി അബൂബക്കർ കാര്യങ്ങൾ വിശദീകരിച്ചത്. കൈക്കലാക്കിയ പണവും കൊണ്ട് പ്രതി പോയത് നേരെ പാലക്കാട്ടെ യൂസ്ഡ് വെഹിക്കിൾ ഷോറൂമിലേക്ക്. 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാർ വാങ്ങി. 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയിൽ വെച്ചു. നേരെ പോയത് അട്ടപ്പാടിയിലേക്ക്. വാങ്ങിയ കാർ പെൺ സുഹൃത്തിനെ കാണിക്കാനായിരുന്നു യാത്രയെന്നാണ് വിവരം. പക്ഷേ പദ്ധതി പാളി. മണ്ണാർക്കാട് എത്തിയപ്പോഴേക്ക് പൊലീസ് വളഞ്ഞു. പിടികൂടി. 

മോഷണം നടന്ന പള്ളിയിലെ സിസിടിവി പരിശോധിച്ച പൊലീസ് പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്നാലെയുണ്ടായിരുന്നു. ഒടുവിൽ കാറടക്കം തൂക്കി ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിച്ചു. അബൂബക്കറിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In Ottapalam, Palakkad, the accused in a mosque theft used the stolen money to buy a car and was caught by the police while on his way to show it to his girlfriend in Attappadi. The stolen money and the newly purchased car were recovered by the police. The theft occurred early Sunday morning at Subathul Islam Jamaath Mosque in East Ottapalam. The accused, Abubacker, stole around ₹6 lakh that was kept aside for Eid sacrifice. He was arrested by Ottapalam police later the same evening.