മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ റദ്ദാക്കി എന്നാരോപിച്ച് അടിമാലി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിലെ പ്രധാന അധ്യാപികയെ ഉപരോധിച്ചായിരുന്നു പ്രതിഷേധം. മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും മുന്നോട്ടു വന്നു. പ്രതിഷേധം കനത്തതോടെ ഇവര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പൊലീസെത്തിയപ്പോള്‍ പ്രധാന അധ്യാപികയുടെ മുറിയില്‍ ഉന്തും തള്ളുമായി.
ഒന്‍പതാം ക്ലാസിലെ രണ്ടു ഡിവിഷനുകളില്‍ ഒന്ന് ഇംഗ്ലീഷ് മീഡിയമായിരുന്നു. ഇതില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ ആകെയുള്ളത് 7 വിദ്യാര്‍ഥികളാണ് . മലയാളം മീഡിയത്തില്‍ 70 വിദ്യാര്‍ഥികളുണ്ട്. ഇതോടെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കി മലയാളം മീഡിയം മാത്രമായി തുടരാം എന്ന് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യം സ്കൂള്‍ തുറക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് അറിയിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
കുട്ടികളുടെ ടി.സി വാങ്ങി മറ്റ് സ്കൂളിലേക്ക് മാറ്റണം അല്ലെങ്കില്‍ മലയാളം മീഡിയത്തിലേക്ക് മാറണം എന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി മാതാപിതാക്കള്‍ പറയുന്നു. പക്ഷേ സമീപത്തുള്ള മറ്റ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ എടുക്കണമെങ്കില്‍ പൈസ കൊടുക്കണം. പെട്ടെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. സ്കൂളിന്‍റെ നടപടിക്കെതിരെ രംഗത്തെത്തിയ രക്ഷിതാക്കള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് എന്ന് ഒരു കുട്ടിയുടെ അമ്മ പറയുന്നു.
വിദ്യഭ്യാസ മന്ത്രിക്ക് പരാതി അയച്ചിരുന്നതാണ്. ഇവിടെയുള്ള അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ പഠിപ്പിക്കും. അതിന് ശമ്പളമൊന്നും തരേണ്ട, ഞങ്ങളും വിദ്യഭ്യാസമുള്ളവരാണ് എന്നാണ് കൂട്ടത്തില്‍ ഒരു മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ ഡിവിഷന്‍ തുടരുമെന്നും കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്നും പ്രധാന അധ്യാപിക ഉറപ്പ് നല്‍കിയിട്ടുണ്ട്.