വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ഒന്‍പത് മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്യും.

തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വേദിയിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്യും. സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും.

സ്കൂൾ തുറക്കുന്ന ഇന്ന് ശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂരും കാസർകോടും യെലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ പരക്കെ മഴ കിട്ടും. മറ്റുജില്ലകളിൽ മിതമായ മഴക്കു മാത്രമാണ് സാധ്യത. വരുന്ന രണ്ടു മൂന്നു ദിവസങ്ങൾ കൂടി മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യത.

കളിച്ചും ചിരിച്ചും പഠിക്കേണ്ട ഒന്നാം ക്ലാസിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്ന മാനേജ്മെന്റുകളെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇങ്ങനെ കുട്ടികളെ സമ്മർദ്ദത്തിൽ ആക്കുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Kerala schools reopen today after the summer vacation. The State School Admission Ceremony will take place at Alappuzha Kalavoor Govt. Higher Secondary School with a cultural program, followed by the Education Minister's welcome for first-grade students.