AI Generated Image.
ഡല്‍ഹിയിലെ ലോധി കോളനിയിലുള്ള സ്‌പെഷ്യൽ സെല്ലിന് കീഴിലെ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയും സ്വർണവും കവർച്ച ചെയ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് ഭീകരവിരുദ്ധ കേസുകൾ അന്വേഷിക്കുന്നത് ഡൽഹി പൊലീസിലെ പ്രത്യേക വിഭാഗമായ സ്‌പെഷ്യൽ സെല്ലാണ്. ഇവിടെ നടന്ന കവര്‍ച്ച വന്‍ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുകയാണ്. സ്റ്റോർ റൂമിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് അറസ്റ്റിലായിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി പല കേസുകളില്‍പെട്ട് പൊലീസ് പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ (തൊണ്ടി മുതൽ ഉൾപ്പെടെ) ഇത്തരം സ്റ്റോർ റൂമികളിലാണ് സൂക്ഷിക്കുന്നത്. സാധാരണ പൊലീസ് സ്റ്റേഷനുകൾ പോലെയല്ല സ്‌പെഷ്യൽ സെൽ ഓഫിസുകൾ. അതീവ സുരക്ഷയുണ്ടാവുന്ന സ്ഥലമാണ്. അതുകൊണ്ടാണ് പ്രതിയെ പിടിച്ചെങ്കിലും വലിയ സുരക്ഷാ വീഴ്ച വീഴ്ചയായി സംഭവത്തെ വിലയിരുത്തുന്നത്. പണവും സ്വർണവും മോഷ്ടിക്കപ്പെട്ടതായി ബോധ്യമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.
സ്റ്റോർ റൂം കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് ഖുർഷിദ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയെന്നാണ് വിവരം. സ്റ്റോർ റൂം ചുമതലയിൽനിന്ന് ഇയാളെ മാറ്റിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. കവർച്ചാദിനം ഇയാൾ സ്റ്റോർ റൂമിൽ എത്തിയപ്പോൾ മുൻപ് ഡ്യൂട്ടി ചെയ്തിരുന്ന വ്യക്തി ആയതിനാൽ ആർക്കും സംശയം തോന്നിയില്ല. കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു വൻ മോഷണം നടന്നത്. പൊലീസ് സ്വർണവും പണവും വീണ്ടെടുത്തിട്ടുണ്ട്.
സ്റ്റോർ റൂം കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് വിവരം. ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം പൊലീസ് ഇതുവരെ നടത്തിയിട്ടില്ല. പക്ഷേ സംഭവം പൊലീസിന് വലിയ നാണക്കേടായി മാറിക്കഴിഞ്ഞു. ഹെഡ് കോൺസ്റ്റബിൾ ഖുർഷിദിനെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെയും സമാനമായ കവർച്ച ഇയാൾ നടത്തിയോ എന്നടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.