മഴയുടെ ശക്തി കുറഞ്ഞതോടെ കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽ ആശ്വാസം. വെള്ളക്കെട്ടിന് നേരിയ ശമനമുണ്ട്. അതേസമയം അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് ഇതുവരെയും കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടില്ല.
കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. അപ്പർ കുട്ടനാട്ടിലെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. ഗ്രാമീണ പാതകളും വെള്ളത്തിലാണ്. ആലപ്പുഴ ജില്ലയിൽ ഇന്നലെ മൂന്നു വീടുകൾ പൂർണമായും 97 വീടുകൾ ഭാഗികമായും തകർന്നു. 40 ദുരിതാശ്വാസ ക്യാംപുകളിലായി 1053 കുടുംബങ്ങളുണ്ട്.
കിഴക്കൻ മേഖലകളിൽ നിന്ന് കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന അധികജലം തോട്ടപ്പള്ളി പൊഴിമുഖം വഴി കടലിലേക്ക് ഒഴുക്കുകയാണ്. പൊഴി മുറിക്കാൻ വൈകിയതിൽ പ്രതിഷേധം തുടരുന്നുണ്ട്. തീരദേശത്ത് കടൽക്ഷോഭവും ശക്തമാണ്. മഴയില്ലെങ്കിൽ ജലനിരപ്പ് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.