കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി വേദി പങ്കിട്ട് തൃശൂരിന്‍റെ എല്‍.ഡി.എഫ്. മേയര്‍ എം.കെ.വര്‍ഗീസ്. തൃശൂര്‍ പൂരം കെങ്കേമമായി നടത്താന്‍ പ്രയത്നിച്ചവരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. ഇടതുപക്ഷത്തെ മറ്റു ജനപ്രതിനിധികളാരും ചടങ്ങില്‍ പങ്കെടുത്തില്ല.
തൃശൂര്‍ പൂരം നടത്തിപ്പിനെ പ്രകീര്‍ത്തിച്ചായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശുചിത്വപൂരം പരിപാടി. ബി.ജെ.പിയായിരുന്നു പരിപാടിയുടെ സംഘാടകര്‍. കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ തൊട്ട് കലക്ടറേയും കമ്മിഷണറേയും വരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി കെ.രാജനും അഭിനന്ദനങ്ങള്‍ കോരിചൊരിഞ്ഞു. മേയര്‍ എം.കെ.വര്‍ഗീസാകട്ടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മറുപടി പ്രസംഗത്തില്‍ അഭിനന്ദിച്ചു.
ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കമ്മിഷണര്‍ ആര്‍.ഇളങ്കോ കേന്ദ്രമന്ത്രിയുടെ ആദരിക്കല്‍ ചടങ്ങിനെത്തി. സുരേഷ് ഗോപിയുമായുള്ള മേയറുടെ അടുപ്പത്തിന് എതിരെ സി.പി.ഐ. ഉള്‍പ്പെടെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇടതുപാളയത്തിലെ ഇത്തരം എതിര്‍പ്പുകള്‍ മറികടന്നാണ് മേയര്‍ ചടങ്ങിന് എത്തിയത്.