Image: Manorama/ Rijo Joseph

Image: Manorama/ Rijo Joseph

  • 14 ജില്ലകളിലും യോലോ അലര്‍ട്ട്
  • മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  • കടല്‍ പ്രക്ഷുബ്ധം, തീരങ്ങളില്‍ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മഴയുടെ തീവ്രത അൽപ്പം കുറയാൻ സാധ്യത. പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. ഇന്ന് 14 ജില്ലകളിലും യെലോ അലർട്ടാണ്. പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  ഞായറാഴ്ച മുതൽ മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞേക്കും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തുടരുന്ന കനത്ത മഴയെ തുടർന്ന് കടുത്ത ദുരിതത്തിലാണ് കുട്ടനാട്. താഴ്ന്നയിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായി തുടരുകയാണ്. വൈകുന്നേരങ്ങളിൽ വേലിയേറ്റം മൂലം വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറും. റോഡുകളും ഗ്രാമീണ പാതകളും വെള്ളത്തിൽ മുങ്ങി. മഴ തുടങ്ങിയ ശേഷം കുട്ടനാട്ടിൽ 7 പാടശേഖരങ്ങളിൽ ഇതുവരെ മട വീണു. കൂടുതൽ പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയുണ്ട്. ആറുകളിലും തോടുകളിലും ജലനിരപ്പ് അപകട നില കവിഞ്ഞു.

തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്കൊഴുകുന്ന ജലത്തിന്‍റെ അളവ് കുറവാണ്. പൊഴിയുടെ വീതി കൂട്ടാൻ മണ്ണ് നീക്കുന്നതിന് കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. മഴക്കെടുതിയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ് നിലവിൽ  മാറ്റി പാർപ്പിച്ചിരിക്കുന്നത്. അമ്പലപ്പുഴ, കുട്ടനാട് , കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലാണ് ക്യാംപുകൾ. തീരത്ത് കടലാക്രമണവും ശക്തമാണ്.

തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ഇടവിട്ട് മഴ തുടരുകയാണ്. രാത്രിമഴയില്‍ കാട്ടാക്കട, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളിലായി വീടിന് മുകളിലേക്ക് മരം വീണു. രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലയോര മേഖലയില്‍ കഴിഞ്ഞദിവസത്തെ മരം വീഴ്ചയില്‍ വൈദ്യുതിത്തൂണുകള്‍ നിലം പൊത്തിയതിനാല്‍ പലയിടത്തും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായില്ല. കല്ലറ നെടുമങ്ങാട് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും പത്ത് സെന്‍റിമീറ്റര്‍ വീതമാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

The India Meteorological Department (IMD) has predicted a slight decrease in rainfall intensity across Kerala today as the strength of the westerly winds weakens. A yellow alert remains in place for 14 districts, with chances of widespread rain and isolated heavy showers. Due to rough sea conditions, coastal areas have been issued a warning. The IMD also indicated that the intensity of rainfall may significantly decrease from Sunday onwards.