സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം തീരുമാനം മാറ്റണോയെന്ന് ആലോചിക്കാം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കാര്യം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇനി അരമണിക്കൂർ കൂടി ക്ളാസിലിരുന്ന് പഠിക്കേണ്ടി വരും. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ദിവസം അരമണിക്കൂർ പഠന സമയം കൂട്ടാനുള്ള നിർദേശം ഗുണനിലവാര സമിതി അംഗീകരിച്ചു. പ്രതിപക്ഷ സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തിടുക്കത്തിലുള്ള തീരുമാനം. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ഹൈസ്കൂൾ ക്ളാസുകൾ ക്രമീകരിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. കൂടാതെ 7 ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കും.
1200 മണിക്കൂർ പഠന സമയം എന്നത് സംസ്ഥാനത്ത് ഉറപ്പാക്കുന്നില്ലെന്നും ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മൂവാറ്റു പുഴയിലെ ഒരു സ്കൂൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വിമർശിച്ചതിനെ തുടർന്നാണ് തിടുക്കത്തിലുള്ള സര്‍ക്കാര്‍ തീരുമാനം. അതേസമയം സമയം കൃത്യമായി സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചിരുന്നതാണെന്നും ഇത് കൂടിപ്പോയെന്ന് പറഞ്ഞ് ചില അധ്യാപക സംഘടനകളാണ് കേസ് കൊടുത്തതെന്നും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. ഇതിന് പിന്നാലെ കോടതിയുടെ നിര്‍ദേശ പ്രകാരം കമ്മിഷനെ നിയോഗിച്ചുവെന്നും ആ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് പഠനസമയം വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.