കനത്ത മഴ ആലപ്പുഴ ജില്ലയെ വെള്ളത്തിൽ മുക്കി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പ്രളയസമാനമായ സ്ഥിതിയാണ് . മഴക്കെടുതികളിൽ ഇന്ന് രണ്ടു പേർ മരിച്ചു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്ന് എടത്വയിൽ നിന്ന് തിരുവല്ലയ്ക്കുള്ള KSRTC സർവീസ് നിലച്ചു. 26 ക്യാംപുകളാണ് ആലപ്പുഴ ജില്ലയിൽ തുറന്നത്.
ആറു ദിവസമായി തുടരുന്ന കനത്ത മഴ ആലപ്പുഴ ജില്ലയിൽ കടുത്ത ദുരിതങ്ങളാണ് വിതച്ചത്. കുട്ടനാട്ടിൽ പ്രളയ സമാനമായ സാഹചര്യമാണ്. താഴ്ന്നയിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായി തുടരുകയാണ്. നെടുമുടി പൂപ്പള്ളി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ റോഡുകൾ മുങ്ങി. ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറി. പരിസരത്തുള്ള കടകളിലും വെള്ളം നിറഞ്ഞു. നിരവധി ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി
മഴ തുടങ്ങിയ ശേഷം കുട്ടനാട്ടിൽ 7 പാടശേഖരങ്ങളിൽ ഇതുവരെ മട വീണു. ആറുകളിലും തോടുകളിലും ജലനിരപ്പ് അപകട നില കവിഞ്ഞു. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്കൊഴുകുന്ന ജലത്തിന്‍റെ അളവ് കുറവാണ്. ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്.
കായംകുളം കട്ടച്ചിറയിൽ ചക്കാലത്ത് കിഴക്കതിൽ പത്മകുമാർ വെള്ളക്കെട്ടിൽ വീണു മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മുങ്ങിമരിച്ചു.
അപ്പർകുട്ടനാട്ടിൽ രാവിലെ മുതൽ പരക്കെ മഴ പെയ്തു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് വെള്ളം കയറിയതിനാൽ സ കെഎസ്ആർടിസി സർവീസ് താൽക്കാലികമായി നിർത്തി. നിലവിൽ അമ്പലപ്പുഴ മുതൽ എടത്വ വരെയും തിരുവല്ല മുതൽ പൊടിയാടി വരെയുമാണ് സർവീസ്. വിയപുരം എടത്വാ റോഡിലും വെള്ളം കയറിയതിനാൽ ഈ റൂട്ടിലൂടെയുള്ള സർവീസും നിർത്തിയിട്ടുണ്ട്. കിഴക്കൻ വെള്ളത്തിൻറെ വരവ് ശക്തമായതോടെ എടത്വ , തലവടി, നീരേറ്റുപുറം, ചക്കുളത്തുകാവ്, കൊടുപ്പുന്ന, ചങ്ങങ്കരി ഭാഗങ്ങളിൽ വെള്ളം കയറി. മാവേലിക്കരയിലും ചെങ്ങന്നൂരും വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ട്. തീരത്ത് കടലാക്രമണവും രൂക്ഷമാണ്