vizhinjam-06

വിഴിഞ്ഞം തീരത്തുനിന്ന് കടലില്‍പോയ ഏഴ് വള്ളങ്ങള്‍ മടങ്ങിയെത്തിയില്ല. പുലര്‍ച്ചെ എത്തേണ്ടിയിരുന്ന വള്ളങ്ങളില്‍ 27 പേരുണ്ട്.  വള്ളത്തിലുള്ളവരുടെ ഫോണ്‍ സ്വിച്ച്ഒാഫ് ആണ്. കടലില്‍ അതിശക്തമായ കാറ്റടിച്ചെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. തീരസംരക്ഷണസേന  തിരച്ചില്‍ തുടങ്ങി.

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം.  എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് മരം വീണ്  അന്നക്കുട്ടി ചാക്കോയും ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍ കെ.ജെ.ജയിംസും മരിച്ചു. വിഴി‍ഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.   കാലവര്‍ഷക്കെടുതികളില്‍ മരണം 23 ആയി. വിവിധയിടങ്ങളില്‍ ഒഴുക്കില്‍പെട്ട് മൂന്നുപേരെ  കാണാതായി. കണ്ണൂര്‍ കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളംകയറുന്നു. 

കാസര്‍കോട് മഞ്ചേശ്വരത്ത് വെള്ളക്കെട്ട് രൂക്ഷം. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും യേര്‍ക്കാട് ജംക്ഷനിലും വെള്ളക്കെട്ട്.  മൂഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. ഇടുക്കിയിലെ പൊന്‍മുടി, പാംബ്ല, കല്ലാര്‍ക്കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. മൂവാറ്റുപുഴയാറില്‍ വലിയതോതില്‍  ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മാട്ടുക്കട്ടയില്‍ ഓട്ടോ ഗാരേജിനുമുകളില്‍ മരംവീണു..

കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ  അഞ്ച് ക്യാംപുകളിലായി 115 പേരെ മാറ്റിപാര്‍പ്പിച്ചു.  അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ടയത്ത് കനത്തമഴയില്‍ പടഞ്ഞാറന്‍ മേഖലയിലെ താഴ്നന് പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇടുക്കി അടിമാലിയില്‍ വീടിന് മുകളിലേക്ക് മരംവീണു. എറണാകുളം കുമ്പളത്ത് ഇന്നലെ രാത്രി മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ്  ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

കാക്കനാട് ചിത്രപ്പുഴ  കവിഞ്ഞൊഴുകി. തൂതിയൂര്‍ കരിയില്‍ കോളനിയിലും ഇന്ദിര നഗറിലും വീടുകളില്‍ വെള്ളം കയറി പത്തോളം കുടുംബങ്ങള്‍ ദുരിതത്തിലായി. കനത്ത കാറ്റില്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ട് മുങ്ങി.

ENGLISH SUMMARY:

Seven boats that went into the sea from Vizhinnam shore have not returned. There are 27 people on the boats that were supposed to arrive early morning. The phones of those on the boats are switched off. Those who returned said that there was a very strong wind at sea. The coastal security team has started the search.